മുംബൈ: നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കടത്ത് കേസിൽ നടി റിയ ചക്രബർത്തിയുടെ സഹോദരൻ ഷൗവിക് ചക്രബർത്തി അറസ്റ്റിൽ. സുശാന്തിന്‍റെ മുൻ മാനേജർ സാമുവൽ മിറാൻഡയെയും നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. പത്തു മണിക്കൂറിലേറെ നേരം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിരാവിലെ ഇരുവരുടെയും മുംബൈയിലെ വീടുകളിൽ നടത്തിയ റെയ്‍ഡിന് ശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. 

ബാന്ദ്രയിൽ നിന്ന് ഇന്നലെ അറസ്റ്റിലായ ലഹരി കടത്തുകാരൻ സൈദ് വിലാത്ര, സാമുവൽ മിറാൻഡയ്ക്കും ഷൗവിക്കിനും ലഹരിമരുന്ന് നൽകിയതായി മൊഴി നൽകിയിരുന്നു. സുശാന്തും റിയയും ഷൗവിക്കും അടങ്ങുന്ന സംഘം സ്ഥിരമായി കഞ്ചാവും ലഹരി വസ്‍തുക്കളും ഉപയോഗിച്ചിരുന്നതായി സുശാന്തിന്‍റെ മുൻ മാനേജർ ശ്രുതി മോദിയും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മരണവുമായി ലഹരിക്കടത്തിന് ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.