മുംബൈ: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് മുൻകാമുകി റിയ ചക്രബർത്തിയെയും സഹോദരൻ ഷൗവിക് ചക്രബർത്തിയെയും സിബിഐ ചോദ്യം ചെയ്യുന്നു. സുശാന്തിന്‍റെ മരണത്തിൽ റിയയ്ക്ക് പങ്കുണ്ടെന്നും, റിയ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതാണെന്നും, നടന്‍റെ പണം റിയ തട്ടിയെടുത്തെന്നും കുടുംബം ആരോപിച്ചിരുന്നു. വലിയ രാഷ്ട്രീയവിവാദങ്ങൾക്കും സിനിമാമേഖലയിൽ വലിയ കോളിളക്കങ്ങൾക്കും ശേഷം സുപ്രീംകോടതി ഉത്തരവിലൂടെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. 

പത്ത് ചോദ്യങ്ങളാണ് സിബിഐ റിയയോട് ചോദിക്കുന്നത്. എന്തിനാണ് സുശാന്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം തേടിയത് എന്നത് തന്നെയാണ് ആദ്യത്തേത്. സംശയമുയരാൻ കാരണമെന്തെന്നതും, സുശാന്തിന്‍റെ കുടുബാംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും ചോദിച്ചറിയും.

എൻഫോഴ്സ്മെന്‍റ് സംഘവും റിയയെ ചോദ്യം ചെയ്യും. സുശാന്തിന് റിയ ലഹരിമരുന്ന് നൽകിയെന്ന ആരോപണമുയരുകയും ചില ലഹരിമരുന്ന് ഡീലർമാരുമായി റിയ സംസാരിച്ചുവെന്ന തരത്തിലുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തുവരികയും ചെയ്ത സാഹചര്യത്തിൽ നാർകോട്ടിക്സ് കൺട്രോൾ സെല്ലും അന്വേഷണത്തിൽ പങ്കാളികളാകും. നാർകോട്ടിക്സ് കൺട്രോൾ സംഘം മുംബൈയിലെത്തി. ഇവരും റിയയിൽ നിന്ന് വിവരങ്ങൾ തേടുമെന്നാണ് വിവരം. 

കഴിഞ്ഞയാഴ്ചയാണ് കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ബിഹാറിൽ സുശാന്തിന്‍റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്ഐആറിൽ സുശാന്തിന്‍റെ മരണത്തിന് പിന്നിൽ റിയ ചക്രബർത്തിയാണെന്നും, സഹോദരൻ ഷൗവികിനും അച്ഛനമ്മമാർക്കും ഇതിൽ പങ്കുണ്ടെന്നും സുശാന്തിന്‍റെ കുടുംബം ആരോപിച്ചിരുന്നു. 

ഇന്നലെയും റിയയുടെ സഹോദരൻ ഷൗവിക് ചക്രബർത്തിയെ സിബിഐ അർദ്ധരാത്രി വരെ സിബിഐ ചോദ്യം ചെയ്തിരുന്നു. സുശാന്തിന്‍റെയും റിയയുടെയും ഷൗവികിന്‍റെയും പേരിൽ ഒരു കമ്പനി റജിസ്റ്റർ ചെയ്തിരുന്നു. ഇവയെക്കുറിച്ചും, കള്ളപ്പണം വെളുപ്പിച്ചുവെന്നും അടക്കമുള്ള ആരോപണങ്ങളെക്കുറിച്ചും സിബിഐ സംഘം ചോദിച്ചറിയും. 

ഷൗവികിനെ ചോദ്യം ചെയ്യുന്ന സമയത്ത് റിയ നിരവധി മാധ്യമങ്ങൾക്കാണ് അഭിമുഖം നൽകിയത്. ഇന്നലെ മിക്കവാറും എല്ലാ ഹിന്ദി, ഇംഗ്ലീഷ് ചാനലുകൾക്കും റിയ ചക്രബർത്തി അഭിമുഖം നൽകി. സിബിഐ അന്വേഷണം വേണമെന്ന് ആദ്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചത് താനാണ്. സുശാന്ത് തന്‍റെ ഏറ്റവും നല്ല കൂട്ടുകാരനായിരുന്നുവെന്ന് റിയ പറഞ്ഞു. നിലവിൽ നടക്കുന്ന മാധ്യമവിചാരണയിൽ തകരുന്നത് തന്‍റെ കുടുംബമാണ്. സുശാന്തിനെ താൻ സ്നേഹിച്ചിട്ടേയുള്ളൂ. തനിക്ക് വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. പുറത്തേക്ക് ഇറങ്ങാനിരുന്ന തന്‍റെ അച്ഛനെ വഴിയിലിട്ട് കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടായി. തന്‍റെയും കുടുംബാംഗങ്ങളുടെയും മാനസികാരോഗ്യം തകർന്നുപോകുന്ന സ്ഥിതിയാണുണ്ടാകുന്നത് - റിയ പറയുന്നു.

സുശാന്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് റിയ സമ്മതിക്കുന്നു. താൻ പക്ഷേ ലഹരി ഉപയോഗിച്ചിട്ടില്ല. ഏത് തരത്തിലുള്ള രക്തപരിശോധനയ്ക്കും താൻ തയ്യാറാണ്. സുശാന്തിനെ ലഹരി ഉപയോഗിക്കുന്നതിൽ നിന്ന് തിരികെ കൊണ്ടുവരാൻ താൻ ശ്രമിച്ചിരുന്നു. അത് മാത്രമാണ് സുശാന്തിനെ 'നിയന്ത്രിക്കാൻ' താൻ ശ്രമിച്ച ഏക സന്ദർഭം. സുശാന്തിന് വിഷാദരോഗമുണ്ടായിരുന്നു. അതിന് ചികിത്സയും തേടിയിരുന്നു. പല തവണ ഡോക്ടർമാർ സുശാന്തിന്‍റെ ബാന്ദ്രയിലെ ഫ്ലാറ്റിലേക്ക് വന്ന് പരിശോധിച്ചിരുന്നു. മരിക്കുന്നതിന് രണ്ട് മാസം മുമ്പ് കൂർഗിലേക്ക് താമസം മാറ്റണമെന്ന്  താനും സുശാന്തിന്‍റെ സഹോദരിയും തമ്മിൽ അത്ര നല്ല ബന്ധമുണ്ടായിരുന്നില്ല. സുശാന്തിന്‍റെ കുടുംബവും താനും തമ്മിൽ അത്ര ചേർച്ചയുണ്ടായിരുന്നില്ല. ജൂൺ എട്ടിനാണ് താൻ സുശാന്തിന്‍റെ വീട്ടിൽ നിന്ന് മടങ്ങുന്നത്. സുശാന്തിന്‍റെ സഹോദരി വരുന്നതിനാൽ എന്നോട് വീട്ടിലേക്ക് പൊയ്ക്കോളാൻ സുശാന്ത് പറ‍ഞ്ഞിരുന്നു. 

അതിന് ശേഷം സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് വരെ സഹോദരി സുശാന്തിനൊപ്പമുണ്ടായിരുന്നു. സുശാന്തിന്‍റെ കുടുംബത്തിലെ പ്രശ്നങ്ങൾ പൂർണമായും തനിക്ക് അറിയുമായിരുന്നില്ല. എന്നാൽ സുശാന്തിന്‍റെ അമ്മയ്ക്കും വിഷാദമുണ്ടായിരുന്നതായി സുശാന്ത് പറഞ്ഞിട്ടുണ്ടെന്നും, ഇക്കാര്യം 2011-ൽ സുശാന്തിന്‍റെ സഹോദരി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ടെന്നും റിയ പറഞ്ഞു. എന്നാൽ ബിഹാർ പൊലീസ് എഫ്ഐആർ എടുത്തതിന് പിന്നാലെ ഈ പോസ്റ്റ് സഹോദരി ഡിലീറ്റ് ചെയ്തു. തനിക്കും കുടുംബത്തിനുമെതിരെ ആൾക്കൂട്ട വിചാരണ നടക്കുകയാണെന്നും, സത്യം തെളിയുംവരെയെങ്കിലും വെറുതെ വിടണമെന്നും റിയ കണ്ണീരോടെ വിവിധ മാധ്യമങ്ങളിലൂടെ പറഞ്ഞു.