Asianet News MalayalamAsianet News Malayalam

രാജ്യത്തെ ഏറ്റവും സമ്പന്നയായ വനിത, ബിജെപി സീറ്റ് നൽകിയില്ല, സ്വതന്ത്ര സ്ഥാനാർത്ഥിയായി സാവിത്രി ജിൻഡാൽ

നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമാണ് സാവിത്രി ജിൻഡാൽ പത്രിക നൽകിയത്. 

Richest Woman in India Savitri Jindal To Contest Assembly Polls in Haryana As Independent Candidate
Author
First Published Sep 13, 2024, 3:06 PM IST | Last Updated Sep 13, 2024, 3:06 PM IST

ചണ്ഡീഗഡ്: ഫോബ്സ് ഇന്ത്യ പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ധനികയായ വനിത സാവിത്രി ജിൻഡാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സാവിത്രി ജനവിധി തേടുന്നത്. ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം സാവിത്രി ജിൻഡാൽ പത്രിക നൽകിയത്. 

പ്രമുഖ വ്യവസായി ആയിരുന്ന ഒ പി ജിൻഡാലിന്‍റെ ഭാര്യയാണ് 74കാരിയായ സാവിത്രി. കുരുക്ഷേത്രയിലെ ബിജെപി എംപി നവീൻ ജിൻഡാൽ മകനാണ്. നേരത്തെ 10 വർഷം കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എംഎൽഎ ആയിരുന്നു സാവിത്രി. ഒരു തവണ മന്ത്രിയുമായി. ഈ വർഷം മാർച്ചിലാണ് സാവിത്രി ജിൻഡാൽ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ എത്തിയത്. 

2024ലെ ഫോബ്‌സ് പട്ടിക പ്രകാരം സാവിത്രി ജിൻഡാലാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത. 29.1 ബില്യൺ ഡോളർ ആസ്തിയുണ്ട് സാവിത്രി ജിൻഡാലിനെന്ന് റിപ്പോർട്ടിൽ പറയുന്നു. സമ്പാദ്യം 270 കോടി എന്നാണ് നാമനിർദേശ പത്രികയിൽ പറഞ്ഞിരിക്കുന്നത്. ജിൻഡാൽ ഗ്രൂപ്പിന്‍റെ മുൻ ചെയർപേഴ്സണാണ് സാവിത്രി. വ്യവസായി ഓം പ്രകാശ് ജിൻഡാലിന്‍റെ മരണശേഷം, സാവിത്രി കുടുംബത്തിന്‍റെ ബിസിനസ് സാമ്രാജ്യമായ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന്‍റെ (ജെഎസ്പിഎൽ) ചുമതല ഏറ്റെടുക്കുകയായിരുന്നു.

ഹിസാറിന്‍റെ വികസനത്തിനായി താൻ എന്നും പ്രവർത്തിക്കുമെന്ന് സാവിത്ര നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പറഞ്ഞു. ഹിസാറിലെ ജനങ്ങൾ തന്‍റെ കുടുംബമാണ്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ബിജെപിക്കെതിരായ മത്സരം ഭരിക്കുന്ന പാർട്ടിക്കെതിരായ കലാപമല്ലേ എന്ന് ചോദിച്ചപ്പോൾ അങ്ങനെ പറയാനാകില്ലെന്നും താൻ ഇതുവരെ ബിജെപി അംഗത്വം എടുത്തിട്ടില്ലെന്നും സാവിത്രി വ്യക്തമാക്കി. ഹിസാറിൽ ബിജെപി സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ കമാൽ ഗുപ്തയാണ് സാവിത്രിയുടെ മുഖ്യ എതിരാളി. ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബർ 5 ന് നടക്കും. ഫലം ഒക്ടോബർ 8 ന് പ്രഖ്യാപിക്കും.


ആശുപത്രിയിൽ കൂട്ട ബലാത്സംഗ ശ്രമം; ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച് രക്ഷപ്പെട്ട് നഴ്സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios