Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ: തന്റെ സമ്പാദ്യം മുഴുവൻ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാനായി വിനിയോ​ഗിച്ച് റിക്ഷാ വണ്ടിക്കാരന്‍

അഗര്‍ത്തലയിലെ സധുത്തില ഗ്രാമത്തില്‍ ഒരു ചെറിയ മണ്‍വീട്ടിലാണ് ഗൗതം താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗൗതമിന്റെ ഭാര്യ മരിച്ചിരുന്നു. ഇദ്ദേഹത്തിന‍്‍റെ മക്കൾ വേറെ വീട്ടിലാണ് താമസം.

rickshaw cart driver used his savings to feed poor in lockdown
Author
Agartala, First Published Apr 12, 2020, 5:40 PM IST

അ​ഗർത്തല: കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ പത്തൊമ്പത് ദിവസം പിന്നിട്ടുകഴിഞ്ഞു.  ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ കഴിയുന്നവർക്ക് സഹായവുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇത്തരത്തിൽ തന്റെ സമ്പാദ്യം മുഴുവൻ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി വിനിയോഗിച്ച റിക്ഷാ വണ്ടിക്കാരനാണ് വാർത്തകളിൽ നിറയുന്നത്.

ത്രിപുരയിലാണ് മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന സംഭവം. 200 രൂപ മാത്രം ദിവസക്കൂലിയുള്ള ഗൗതം ദാസ് എന്നയാളാണ് തന്റെ  സമ്പാദ്യം മുഴുവന്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി വിനിയോഗിച്ചത്. ആകെ 10,000 രൂപയാണ് 51 കാരനായ ഗൗതമിന്റെ സമ്പാദ്യം. ഇതില്‍ 8,000 രൂപയും ലോക്ക് ഡൗണില്‍ വിഷമിക്കുന്ന പാവപ്പെട്ടവര്‍ക്ക് അരിയും സാധനങ്ങളും വാങ്ങാനാണ് ഗൗതം ദാസ് ഉപയോ​ഗിച്ചത്.

അഗര്‍ത്തലയിലെ സധുത്തില ഗ്രാമത്തില്‍ ഒരു ചെറിയ മണ്‍വീട്ടിലാണ് ഗൗതം താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗൗതമിന്റെ ഭാര്യ മരിച്ചിരുന്നു. ഇദ്ദേഹത്തിന‍്‍റെ മക്കൾ വേറെ വീട്ടിലാണ് താമസം. പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാവരേയും പോലെ ഗൗതമും പരിഭ്രാന്തനായിരുന്നു. 

“ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഞാൻ വളരെയധികം ആശങ്കാകുലനായിരുന്നു. ലോക്ക് ഡൗണിന് മുമ്പ് ഞാൻ ശരാശരി 200 രൂപ സമ്പാദിച്ചിരുന്നു. ഈ ചെറിയ വരുമാനത്തിൽ നിന്ന് എനിക്ക് 10,000 രൂപ മിച്ചം പിടിച്ചു. ലോക്ക് ഡൗണിൽ എന്റെ ഉപജീവനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഒരേസമയം എന്നെപ്പോലുള്ള പാവപ്പെട്ട കുടുംബങ്ങളെയും ദൈനംദിന കൂലിത്തൊഴിലാളികളെയും കുറിച്ച് ഞാൻ ചിന്തിച്ചു. എന്റെ ഭാഗത്തുനിന്ന് സാധ്യമായ വിധത്തിൽ അവരെ സഹായിക്കാൻ ഞാൻ തീരുമാനിച്ചു, “ഗൗതം ദാസ് പറയുന്നു.

തന്റെ കൈവശം ഉണ്ടായിരുന്ന പണം കൊണ്ട് ​ഗൗതം അരിയും മറ്റ് പലവ്യഞ്ജനങ്ങളും ദാസ് വാങ്ങി. പിന്നാലെ ഇവ ചെറിയ പായ്ക്കറ്റുകളിലാക്കി തന്റെ ഉന്തുവണ്ടിയില്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. 160 കുടുംബങ്ങള്‍ക്ക് ഇത്തരത്തില്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തതായി ദാസ് പറയുന്നു. ലോക്ക് ഡൗണ്‍ നീട്ടിയാലും താൻ ഈ സേവനം തുടരുമെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios