ദില്ലി: ദില്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യത്തെചൊല്ലി ജനതാദൾ യുണൈറ്റഡിൽ പൊട്ടിത്തെറി. പൗരത്വനിയമത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയുണ്ടായ സഖ്യം ഞെട്ടിച്ചുവെന്ന് ചുണ്ടിക്കാട്ടി മുതിർന്ന നേതാവ് പവൻ വർമ്മ നിതീഷ് കുമാറിന് കത്തെഴുതി. പവൻവർമ്മയ്ക്ക് പാ‍ർട്ടിവിടാമെന്ന് നിതീഷ്
തിരിച്ചടിച്ചു.

ദില്ലിയിൽ 67 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത് . രണ്ടു സീറ്റ് ബീഹാറിലെ സഖ്യകക്ഷി ജനതാദൾ യുണൈറ്റഡിനും  ഒരു സീറ്റ് രാംവിലാസ് പസ്വാൻറെ ലോക്ജനശക്തി പാർട്ടിക്കും നല്‍കി. ബീഹാറിൽ നിന്ന് കുടിയേറിയ പൂർവാഞ്ചലി വിഭാഗത്തിന് ദില്ലിയിൽ നിർണ്ണായക സ്വാധീനമുള്ള സാഹചര്യത്തിലാണീ സഖ്യം. എന്നാൽ പൗരത്വനിയമത്തിനു ശേഷമുള്ള പ്രക്ഷോഭം തുടരുമ്പോഴത്തെ ഈ തീരുമാനം അംഗീകരിക്കില്ലെന്ന് പാർട്ടി നേതാവും മുൻ വിദേശകാര്യ ഉദ്യോഗസ്ഥനുമായ പവൻവർമ്മ തുറന്നടിച്ചു. ബീഹാർ മുഖ്യമന്ത്രി  നിതീഷ് കുമാർ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചെന്നും വർമ്മ പറഞ്ഞു. വർമ്മയുടെ നിലപാടിനോട് ഇതുവരെ മൗനം പാലിച്ച നിതീഷ് കുമാർ ഇന്ന് പ്രതികരണവുമായി രംഗത്തെത്തി. "അദ്ദേഹത്തോട് എനിക്ക് ബഹുമാനമുണ്ട്. എന്നാൽ ഇതല്ല രീതി. എവിടേക്ക് വേണമെങ്കിലും അദ്ദേഹത്തിന് പോകാം. എല്ലാവിധ ആശംസകളും നേരുന്നു" - നിതീഷ് കുമാര്‍ പറഞ്ഞു. 

തൻറെ ചോദ്യങ്ങൾക്ക് ഉത്തരം നല്കാതെ നിതീഷ് ഒഴിഞ്ഞു മാറുന്നു എന്ന് പവൻവർമ്മ തിരിച്ചടിച്ചു. ജെഡിയു ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കണമെന്ന് വാദിക്കുന്ന പ്രശാന്ത് കിഷോറും പവൻ വർമ്മയും പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ആയുധമാക്കുകയാണ്. പാർലമെൻറിൽ ബില്ലിനെ പിന്തുണച്ച ജെഡിയു പിന്നീട് എൻആർസി ബീഹാറിൽ നടപ്പാക്കില്ലെന്ന് നിലപാട് തിരുത്തി. നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും എന്ന ബിജെപി പ്രഖ്യാപനത്തോടെ ജെഡിയു നിലപാട്
മയപ്പെടുത്തുകയാണ്.