Asianet News MalayalamAsianet News Malayalam

ആശങ്കയായി രണ്ടാംതരംഗം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അന്‍പത്തിയെട്ട് പേരാണ് രാജ്യത്ത് രോഗികളായത്. രണ്ടാംതരംഗത്തില്‍ ഇതാദ്യമായിട്ടാണ് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്.

Rising Covid Cases pm modi  calls chief ministers meeting
Author
Delhi, First Published Apr 5, 2021, 5:32 PM IST

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വ്യാഴാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അന്‍പത്തിയെട്ട് പേരാണ് രാജ്യത്ത് രോഗികളായത്. രണ്ടാംതരംഗത്തില്‍ ഇതാദ്യമായിട്ടാണ് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്.
രോഗവ്യാപനത്തിന്‍റെ തീവ്രത മെയ് അവസാനത്തോടെ മാത്രമേ കുറയാനിടയുള്ളൂവെന്നാണ് കേന്ദ്ര കൊവിഡ് ദൗത്യ സംഘത്തിന്‍റെ വിലയിരുത്തല്‍. 

രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം ഉയര്‍ത്തുന്നത് വലിയ വെല്ലുവിളി. ആദ്യ തരംഗത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 16 നാണ് ഏറ്റവും ഉയര്‍ന്ന രോഗബാധ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 97,984 പേര്‍ക്കാണ് അന്ന് രോഗം ബാധിച്ചതെങ്കില്‍ അഞ്ച് മാസത്തിനിപ്പുറം ഉയര്‍ന്ന് തുടങ്ങിയ രണ്ടാം തരംഗത്തിന്‍റെ തുടക്കത്തില്‍ തന്നെ രോഗികളുടെ എണ്ണം ലക്ഷം പിന്നിട്ടു. ഒറ്റദിവസത്തിനിടെ അന്‍പത്തിയേഴായിരത്തി എഴുപത്തിനാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ടയാണ് പ്രതിദിന കണക്കില്‍ മുന്‍പില്‍. തൊട്ടുപിന്നിലുള്ള ഛത്തീസ്ഘട്ട്, പഞ്ചാബ്, കര്‍ണ്ണാടക, കോരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂവായിരം മുതല്‍ ആറായിരം വരെയാണ് പ്രതിദിന രോഗികളുടെ എണ്ണം. ചികിത്സയിലുള്ളവരുെട എണ്ണം ഏഴ് ലക്ഷം പിന്നിട്ടതോടെ  കൂടുതല്‍ സംവിധാനങ്ങള്‍ രാജ്യത്തെ സര്‍ക്കര്‍, സ്വകാര്യ ആശുപത്രികളില്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും പറ്റിയ വീഴ്ചയാണ് രോഗബാധ ഇത്രത്തോളം തീവ്രമാകാന്‍ കാരണമെന്നാണ് കേന്ദ്ര കൊവിഡ് ദൗത്യ സംഘത്തിന്‍റെ വിലയിരുത്തല്‍. വാക്സിനേഷന്‍ നിരക്ക് ഉയര്‍ത്തി പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി മുപ്പത്തിയഞ്ച് വയസിന് മുകളിലുള്ളവര്‍ക്ക് ഈ മാസം അവസാനമോ അടുത്തമാസം ആദ്യം മുതലോ വാക്സീന്‍ നല്‍കി തുടങ്ങും. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രോഗബാധ ഏറ്റവും തീവ്രമായ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഘട്ട് എന്നീ സംസ്ഥാനങ്ങളിലെ സാഹചര്യം കേന്ദ്ര സംഘം നേരിട്ട് വിലയിരുത്തി തുടങ്ങി. 

Follow Us:
Download App:
  • android
  • ios