''വ്യത്യാസം ചെറുതാണെന്ന് തോന്നും. എന്നാല്‍ കൊവിഡ് കേസുകള്‍ വലിയ രീതിയില്‍ വര്‍ധിക്കുന്നതിന്റെ സൂചനയാണിത്. 0.1 പോലും വലിയ വ്യത്യാസമുണ്ടാക്കും''- ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. സീതാഭ്ര സിന്‍ഹ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആര്‍ നിരക്കും ഉയര്‍ന്നതാണ്. 

മുംബൈ: മഹാരാഷ്ട്രയിലും കേരളത്തിലും കൊറോണവൈറസ് ആര്‍ ഘടകം കൂടുതലാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍. ഒരു രോഗിയില്‍ നിന്ന് എത്രപേരിലേക്ക് വൈറസിന് വ്യാപനശേഷിയുണ്ടാകുമെന്നതിന്റെ സാങ്കേതിക പദമാണ് ആര്‍ ഘടകം. ഉയര്‍ന്നു നില്‍ക്കുന്ന ആര്‍ ഘടക നിരക്ക് ദേശീയതലത്തില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമാകുമെന്നും ജാഗ്രത തുടരേണ്ടതിന്റെ ഗൗരവും വ്യക്തമാക്കുന്നതാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാതമാറ്റിക്കല്‍ സയന്‍സാണ് പഠനം നടത്തിയത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

മാഹാരാഷ്ട്രയില്‍ ഞായറാഴ്ച 8535 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1.19 ലക്ഷം ആക്ടീവ് കേസുകള്‍. മഹാരാഷ്ട്രയിലെ ആര്‍ ഘടകം ഇപ്പോള്‍ ഒന്നിന് അടുത്താണ്. ജൂണ്‍ അവസാനത്തോടെ 0.89 ആയിരുന്നു ആര്‍ഘടകം.

കേരളത്തില്‍ ഞായറാഴ്ച 12220 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകള്‍ 1.5 ലക്ഷം. ആര്‍ ഘടകം ഒന്ന് പിന്നിട്ടു. ഇരുസംസ്ഥാനങ്ങളിലെയും ആര്‍ ഘടകം വര്‍ധിക്കുകയോ മാറ്റമില്ലാതെ നില്‍ക്കുകയോ ചെയ്യുന്നത് അപകടമാണെന്നും വിദഗ്ധര്‍ പറയുന്നു. ദേശീയതലത്തില്‍ 0.95 ശതമാനമാണ് ആര്‍ ഘടകം. ''വ്യത്യാസം ചെറുതാണെന്ന് തോന്നും എന്നാല്‍ കൊവിഡ് കേസുകള്‍ വലിയ രീതിയില്‍ വര്‍ധിക്കുന്നതിന്റെ സൂചനയാണിത്. 0.1 പോലും വലിയ വ്യത്യാസമുണ്ടാക്കും''- ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. സീതാഭ്ര സിന്‍ഹ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആര്‍ നിരക്കും ഉയര്‍ന്നതാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona