അഞ്ച് വര്ഷത്തോളം ഗംഗാ നദിയെ ശുചിയാക്കാന്‍ ചെയ്ത കാര്യങ്ങളൊക്കെ തന്നെയും പാഴാക്കി കളഞ്ഞ പ്രവര്‍ത്തികളാണ് മഹാമാരിക്കാലത്തുണ്ടായത്.  ഗംഗ പെട്ടന്നാണ് മൃതദേഹം തള്ളാനുള്ള ഇടമായി മാറിയതെന്ന് രഞ്ജന്‍ മിശ്ര 

രാജ്യത്ത് ഏറെ ദുരിതം വിതച്ച കൊവിഡ് രണ്ടാം തംരഗത്തിനിടെ (second Covid wave) ഗംഗാ നദി മൃതദേഹം തള്ളാനുള്ള ഇടമായി മാറിയെന്ന വെളിപ്പെടുത്തലുമായി നാഷണല്‍ ക്ലീന്‍ ഗംഗ ആന്‍ഡ് നമാമി ഗംഗ (National Mission for Clean Ganga and head of Namami Gange) തലവന്‍ രാജീവ് രഞ്ജന്‍ മിശ്ര (Rajiv Ranjan Mishra). ഗംഗാ നദിയില്‍ കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുക്കിയില്ലെന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ അവകാശവാദം തള്ളിയാണ് രഞ്ജന്‍ മിശ്ര ഇക്കാര്യം വിശദമാക്കിയത്. വ്യാഴാഴ്ച പുറത്തിറങ്ങിയ ഗംഗ; റീഇമാജനിംഗ്, റീജുവനേറ്റിംഗ്,റീ കണക്ടിംഗ് (Ganga: Reimagining, Rejuvenating, Reconnecting) എന്ന പുസ്തകത്തിലാണ് രഞ്ജന്‍ മിശ്ര ഇക്കാര്യം വിശദമാക്കിയത്. 1987ലെ തെലങ്കാന കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് രഞ്ജന്‍ മിശ്ര.

ഡിസംബര്‍ വിരമിക്കുന്നതിന് മുന്നോടിയായാണ് രഞ്ജന്‍ മിശ്ര പുസ്തകം പുറത്തിറക്കിയത്. അഞ്ച് വര്‍ഷത്തോളം ക്ലീന്‍ ഗംഗ പദ്ധതിയിലെ സേവനത്തിന്‍റെ പശ്ചാത്തലത്തിലാണ് പുസ്തകമെഴുതിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാനായ ബിബേക് ദേബ്റോയ് ആണി പുസ്തകം പുറത്തിറക്കിയത്. കൊവിഡ് മഹാമാരി ഗംഗയെ എങ്ങനെ ബാധിച്ചുവെന്നതിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുസ്തകത്തിലുള്ളത്. അഞ്ച് വര്ഷത്തോളം ഗംഗാ നദിയെ ശുചിയാക്കാന്‍ ചെയ്ത കാര്യങ്ങളൊക്കെ തന്നെയും പാഴാക്കി കളഞ്ഞ പ്രവര്‍ത്തികളാണ് മഹാമാരിക്കാലത്തുണ്ടായത്. ഗംഗ പെട്ടന്നാണ് മൃതദേഹം തള്ളാനുള്ള ഇടമായി മാറിയതെന്ന് രഞ്ജന്‍ മിശ്ര പുസ്തകത്തില്‍ പറയുന്നു. മെയ് മാസത്തിന്‍റെ ആദ്യത്തില്‍ തനിത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് പാതി കത്തിയ മൃതദേഹങ്ങള്‍ ഗംഗയിലൊഴുകിയതെന്നും മിശ്ര പറയുന്നു.

ടെലിവിഷനിലൂടെ അത്തരം ദൃശ്യങ്ങള്‍ കാണേണ്ടി വന്നത് കടുത്ത ആഘാതമാണ് തനിക്കുണ്ടാക്കിയതെന്നും മിശ്ര പറയുന്നു. എന്‍എംസിജിയുടെ തലവനെന്ന നിലയില്‍ ഗംഗയുടെ കസ്റ്റോഡിയന്‍ എന്ന നിലയില്‍ ആ സമയത്ത് ഏറെ വിഷമം തോന്നിയെന്നും മിശ്ര വിശദമാക്കി. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഗംഗാ തീരത്തുള്ള സംസ്ഥാനങ്ങള്‍ക്കുണ്ടായ വീഴ്ചയും പുസ്തകം എടുത്തുകാണി്ക്കുന്നുണ്ട്. മൃതദേഹം ദഹിപ്പിക്കാന്‍ എടുത്ത് ഗംഗയില്‍ തള്ളി കൊവിഡ് ബാധിതരുടെ ബന്ധുക്കളുടെ അവസ്ഥയെ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും പുസ്തകം വിശദമാക്കുന്നു. വിവിധ പഞ്ചായത്തുകളിലേയും ജില്ലാ മജിസ്ട്രേറ്റുമാരുടേയും കണക്കുകളുടെ അടിസ്ഥാനത്തില്‍ ഏകദേശം 300ഓളം മൃതദേഹങ്ങളാണ് ഇത്തരത്തില്‍ ഗംഗാ നദിയിലൊഴുക്കിയെന്നാണ് മിശ്ര പറയുന്നത്. ബിഹാറില്‍ കണ്ടെത്തിയവും ഉത്തര്‍ പ്രദേശില്‍ നിന്ന് ഒഴുക്കിയവയാണെന്നാണ് വിലയിരുത്തലെന്നാണ് മിശ്ര പറയുന്നത്.

ഉത്തര്‍പ്രദേശിലെ ഗാസിപുര്‍, ഉന്നാവ്, കാണ്‍പുര്‍, ബലിയ ബിഹാറിലെ ബക്‌സര്‍, സരണ്‍ എന്നിവിടങ്ങളിലാണ് ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത്. നൂറിനടുത്ത് മൃതദേഹങ്ങൾ ഗംഗയിൽ നിന്ന് കണ്ടെത്തിയതോടെ ബിഹാറും ഉത്തര്‍ പ്രദേശും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാറുകൾക്കും നോട്ടീസ് അയച്ചിരുന്നു. ആംബുലൻസുകളിൽ കൊണ്ടുവന്നാണ് മൃതദേഹങ്ങൾ നദിയിൽ തള്ളുന്നതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ വ്യാപകമായി നദിയിലേക്ക് വലിച്ചെറിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തള്ളിയിരുന്നു.