പാറ്റ്ന: അസംബ്ലി തെരഞ്ഞെടുപ്പ് നടന്ന ബിഹാറിൽ ആർജെഡിക്ക് ആദ്യ ജയം. ദർഭംഗ റൂറൽ അസംബ്ലി മണ്ഡലത്തിലാണ് ആർജെഡി സ്ഥാനാർത്ഥിയായ ലളിത് കുമാർ യാദവ് വിജയിച്ചത്. ജെഡിയുവിന്റെ ഫറസ് ഫത്‌മിയെ പരാജയപ്പെടുത്തി. 

ലളിത് കുമാർ യാദവിന് 64694 വോട്ട് ലഭിച്ചു. ഫറസിന് 62675 വോട്ടും കിട്ടി. എൻഡിഎയിൽ നിന്ന് പിണങ്ങിപ്പോയ ചിരാഗ് പാസ്വാന്റെ എൽജെപി ഇവിടെ മൂന്നാം സ്ഥാനത്തെത്തി. എൽജെപിയുടെ സ്ഥാനാർത്ഥിയായ പ്രദീപ് കുമാർ താക്കൂർ 17586 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. ഇത് എൻഡിഎ സ്ഥാനാർത്ഥിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.

അതേസമയം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 31 ശതമാനം വോട്ട് മാത്രമേ എണ്ണിക്കഴിഞ്ഞുള്ളൂ. 69 ശതമാനം വോട്ട് ഇനിയും എണ്ണാനുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് ഒരു ഹാളില്‍ ഏഴ് മേശകളിൽ മാത്രമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആകെ നാല് കോടി വോട്ട് എണ്ണാനുണ്ട്. ഇതിന്റെ 31 ശതമാനം മാത്രമേ എണ്ണിത്തീർന്നുള്ളൂ. അതേസമയം ഇപ്പോഴത്തെ ലീഡ് നിലയിൽ മാറ്റങ്ങൾ വലിയ തോതിൽ ഉണ്ടായേക്കും. 74 സീറ്റുകളിൽ ആയിരത്തിൽ താഴെയാണ് ലീഡെന്നതാണ് കാരണം. ഇതിൽ തന്നെ 42 മണ്ഡലങ്ങളിലും വോട്ട് വ്യത്യാസം 500 നടുത്താണ്. ഏഴ് മണ്ഡലങ്ങളിലെ വോട്ട് വ്യത്യാസം 200 ൽ താഴെയാണെന്നതും പ്രധാനമാണ്. അതിനാൽ തന്നെ എൻഡിഎക്കും മഹാസഖ്യത്തിനും ആശങ്കയും പ്രതീക്ഷയുമേകുന്നതാണ് ഇനി വരുന്ന മണിക്കൂറുകൾ.