പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രകാരം 18 കോടി രൂപ ചെലവഴിച്ച് മഹാരാഷ്ട്രയിലെ ഡാഹാനുവിൽ നിർമ്മിച്ച റോഡ് മൂന്ന് മാസത്തിനുള്ളിൽ തകർന്നു. ഗുണനിലവാരമില്ലാത്ത നിർമ്മാണമാണ് റോഡ് തകരാൻ കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.
മുംബൈ: പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴിൽ 18 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡ്, നിർമ്മാണം പൂർത്തിയായി വെറും മൂന്ന് മാസത്തിനുള്ളിൽ തകർന്നു. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടതോടെ നിർമാണ പ്രവൃത്തിയുടെ ഗുണനിലവാരത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. മഹാരാഷ്ട്രയിലെ ഡാഹാനുവിലെ 15.5 കിലോമീറ്റർ നീളമുള്ള സാരണി-ഉർസെ-ഐന റോഡാണ് തകർന്നത്. 10 അടിയിലധികം ആഴമുള്ള വലിയ കുഴിയുണ്ടായി. കുഴിയുടെ വലിപ്പം കാരണം കരാറുകാരന്റെ ട്രക്ക് തന്നെ ഭാഗികമായി ഇതിനുള്ളിൽ കുടുങ്ങിപ്പോയി.
വിക്രംഗഡിലെ ജിജാവു കൺസ്ട്രക്ഷൻ കമ്പനിയാണ് റോഡ് നിർമ്മിച്ചത്. ഗുണനിലവാരമില്ലാത്ത വസ്തുക്കളുടെ ഉപയോഗവും നിലവാരമില്ലാത്ത നിർമ്മാണ പ്രവൃത്തിയുമാണ് നിർമ്മാണം പൂർത്തിയായി മൂന്ന് മാസത്തിനുള്ളിൽ റോഡ് തകരാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. നിർമ്മാണം നടക്കുമ്പോൾ തന്നെ ഇതിന്റെ ഗുണനിലവാരത്തെക്കുറിച്ച് അധികൃതർക്ക് മുന്നിൽ നിരന്തരം പരാതിപ്പെട്ടിരുന്നുവെങ്കിലും അവർ ഇതൊന്നും കാര്യമാക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു.
പുതിയ റോഡിന്‍റെ പെട്ടെന്നുള്ള തകർച്ച പ്രദേശവാസികളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കരാറുകാരൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടിയും അന്വേഷണവും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
