ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ജാതി വിവേചനത്തിനെതിരെയുള്ള പോരാട്ടമായി ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അമ്മ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത്. രോഹിത് വെമുലയുടെ നാലാം ചരമവാര്‍ഷികമായ ഇന്നലെ ഹൈദരാബാദ് സര്‍വകലാശാലയിലെത്തിയ രാധിക വെമുല കേന്ദ്ര സര്‍ക്കാരിന്‍റെ ഭരണഘടന വിരുദ്ധ നയങ്ങള്‍ക്കെതിരെ തെരുവില്‍ പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്തു.

തന്‍റെ മകനെ രക്ഷിക്കാന്‍ സാധിച്ചില്ല. പക്ഷേ രാജ്യത്തെ എങ്കിലും രക്ഷിക്കണമെന്ന് അവര്‍ പഞ്ഞു. ജെഎന്‍യു, ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിക്കുന്നതോര്‍ത്ത് സങ്കടമുണ്ട്. രോഹിത്തിന്‍റെ 'സ്ഥാപനവല്‍കൃത കൊല'യ്ക്ക് ശേഷം നാല് വര്‍ഷം പിന്നിടുമ്പോഴും രാജ്യത്തെ സാഹചര്യങ്ങളില്‍ ഒരു മാറ്റവും വന്നിട്ടില്ല.

ഇവിടെ വിദ്യാര്‍ത്ഥികള്‍ ഒട്ടും സുരക്ഷിതരല്ല. ജാതിയുടെ മതത്തിന്‍റെ പേരില്‍ അവരെ തരംതിരിക്കുകയാണ് രാജ്യത്തിനായി അമ്മമാര്‍ എന്ന പേരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ യാത്ര നടത്തുമെന്നും അവര്‍ പറഞ്ഞു. ആബിദ സലീം, ഫാത്തിമ നഫീസ് എന്നിവര്‍ക്കൊപ്പമാണ് രാജ്യവ്യാപകമായി യാത്ര നടത്തുന്നത്.

എബിവിപിയുമായി പ്രശ്നങ്ങളുണ്ടായത ശേഷം ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന്‍റെ മാതാവാണ് ഫാത്തിമ നഫീസ്. ജാതി വിവേചനത്തിന്‍റെ പേരില്‍ ആത്മഹത്യ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പായലിന്‍റെ അമ്മയാണ് ആബിദ സലീം.