ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഹോബയിൽ പശുക്കള്‍ക്കായി റൊട്ടി ബാങ്ക്. ’സര്‍വധര്‍മ് ഭോജന്‍’ എന്ന സംഘടനയാണ് റൊട്ടി ബാങ്ക് ആരംഭിച്ചിരിക്കുന്നത്. സർക്കാർ നൽകുന്ന കാലിത്തീറ്റ പശുക്കള്‍ക്ക് അപര്യാപ്തമായതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് സംഘടന മേധാവി ബബ്ല പറഞ്ഞു.

വീടുകളിൽ ബാക്കിവരുന്ന ഭക്ഷണവും ചപ്പാത്തികളും ന​ഗരത്തിലെ പത്തുകേന്ദ്രങ്ങളിൽ ശേഖരിച്ച് പശുക്കൾ‌ക്ക് നൽകാനാണ് സംഘടനയുടെ തീരുമാനം. ഇതിനുള്ള സജ്ജീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

'സർക്കാർ പശുക്കൾക്കായി ഏർപ്പെടുത്തിയ ഭക്ഷണം അപര്യാപ്തമാണ്. ഇത്രയേറെ പശുക്കൾക്ക് ഭക്ഷണം എത്തിക്കുക എന്നത് എളുപ്പമല്ല. അതുകൊണ്ട് ഞങ്ങള്‍ ജനങ്ങളുടെ സഹായം തേടി. വീട്ടില്‍ ബാക്കി വരുന്ന ഭക്ഷണം നഗരത്തിലെ പത്തുകേന്ദ്രങ്ങളില്‍ അവര്‍ എത്തിക്കുന്നുണ്ട്. എല്ലാവരും ഞങ്ങളെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ സംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണം'- ബബ്ല പറഞ്ഞു. ജനങ്ങള്‍ സഹകരിച്ചാല്‍ നഗരത്തില്‍ ഒരു പശുപോലും വിശന്നിരിക്കേണ്ടി വരില്ലെന്നാണ് അധികൃതര്‍ പറയുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

മനുഷ്യരെപ്പോലെ തന്നെ പശുക്കള്‍ക്കും മറ്റു ജന്തുക്കള്‍ക്കും ഭക്ഷണം ആവശ്യമാണ്. അവര്‍ മനുഷ്യരെ ശ്രദ്ധിക്കുന്നു എന്നാല്‍, പശുക്കളെ ശ്രദ്ധിക്കാന്‍ ആരുമില്ല. റോഡ് സൈഡില്‍ കിടക്കുന്ന പോളിത്തീന്‍ ബാഗുകള്‍ പശുക്കള്‍ തിന്നുന്നത് സ്ഥിരമായി കാണാറുണ്ടെന്നും അതുകൊണ്ടാണ് അവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ തീരുമാനിച്ചതെന്നും സംഘടനാ പ്രവർത്തകർ പറഞ്ഞു.