മിര്‍സാപൂര്‍: കുട്ടികള്‍ പോഷക സമൃദ്ധമായ ആഹാരം കഴിക്കേണ്ടതുള്ളതിനാലാണ് സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കുന്നത്. കേരളം വിദ്യാര്‍ത്ഥികള്‍ക്ക് പാലും മുട്ടയും പയറുവര്‍ഗങ്ങളുമെല്ലാം ചേര്‍ത്തുള്ള സദ്യതന്നെ നല്‍കുമ്പോള്‍ ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ കഴിക്കുന്നത് ഉപ്പും ചോറും അല്ലെങ്കില്‍ ഉപ്പും ചപ്പാത്തിയുമാണ്. 

കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള സമീകൃതാഹാര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിർ യിട്ടുള്ള ആഹാരമാണ് ഇത്. 100 കുട്ടികള്‍ പഠിക്കുന്ന മിര്‍സാപൂരിലെ ഒരു സ്കൂളിലെ കുട്ടികള്‍ റൊട്ടി ഉപ്പില്‍ മുക്കിത്തിന്നുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കയ്യില്‍ റൊട്ടിയും പാത്രത്തിന്‍റെ അരികില്‍ ഇത്തിരി ഉപ്പുമായി വരാന്തയില്‍ നിലത്തിരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങലാണ് പുറത്തുവന്നിരിക്കുന്നത്. 

ദരിദ്രരായ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളിലാണ് നല്ല ആഹാരം പോലും ലഭിക്കാത്ത അവസ്ഥയുള്ളത്. എന്നാല്‍ ഉത്തര്‍പ്രദേശ് മിഡ് ഡേ മീല്‍ അതേറിറ്റിയുടെ വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്ന വിശാലമായ ആഹാര പട്ടികയാണ്. അരി, പയറുവര്‍ഗങ്ങള്‍, ചപ്പാത്തി, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ഈ പട്ടികയിലുണ്ട്. എന്നാല്‍ ഇതൊന്നും കുട്ടികളിലേക്ക് എത്തുന്നില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ രക്ഷിതാക്കള്‍ പറയുന്നത് തങ്ങളുടെ മക്കള്‍ക്ക് ഇതൊന്നും കിട്ടുന്നില്ലെന്നാണ്. '' കാര്യങ്ങളെല്ലാം മോശമാണ് ഇവിടെ. ചിലപ്പോള്‍ അവര്‍ കുട്ടികള്‍ക്ക് ഉപ്പും റൊട്ടിയും കൊടുക്കുന്നു. ചിലപ്പോള്‍ ഉപ്പും ചോറും. പാല് വല്ലപ്പോഴും മാത്രമാണ് വരുന്നത്. മിക്കപ്പോഴും ഇത് കുട്ടികള്‍ക്ക് നല്‍കാറില്ല. വാഴപ്പഴം ഇതുവരെ നല്‍കിയിട്ടില്ല. ഒരു വര്‍ഷത്തോളമായി കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. - രക്ഷകര്‍ത്താക്കളിലൊരാള്‍ പ്രാദേശിക ലേഖകനോട് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

സംഭവത്തില്‍ അന്വേഷണം നടത്തിയെന്ന് മിര്‍സാപൂരിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അനുരാഗ് പട്ടേല്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാല്‍ വീഴ്ച പറ്റിയിരിക്കുന്നത് സ്കൂള്‍ ഇന്‍ചാര്‍ജായ അധ്യാപകനും ഗ്രാമപഞ്ചായത്ത് സൂപ്പര്‍വൈസര്‍ക്കാണെന്നും കണ്ടെത്തിയതിനാല്‍ ഇരുവരെയും സസ്പെന്‍റ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.