കടലൂര്‍: ഭക്ഷണം നല്‍കാന്‍ വൈകി ജോലിക്കാരനെ കടിച്ച് കൊന്ന് നായ്ക്കള്‍. തമിഴ്നാട്ടിലെ കടലൂരിന് സമീപമുള്ള ചിദംബരത്താണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച രാവിലെ ഭക്ഷണം നല്‍കാന്‍ വൈകിയതോടെയാണ് റോട്ട് വീലര്‍ നായ്ക്കള്‍ അന്‍പത്തിയെട്ടുകാരനായ ജോലിക്കാരനെ കടിച്ച് കൊന്നത്. വല്ലംപാടുഗൈ സ്വദേശിയായ ജീവാനന്ദമാണ് കൊല്ലപ്പെട്ടത്. പത്ത് ഏക്കറോളം വരുന്ന ഫാമിലെ തൊഴിലാളിയായിരുന്നു ജീവാനന്ദം. 2013മുതല്‍ ഈ ഫാമിലെ ജീവനക്കാരനാണ് ഇയാള്‍. കോണ്‍ഗ്രസ് നേതാവായ എന്‍ വിജയസുന്ദരത്തിന്‍റേതാണ് ഈ ഫാം. 

ഫാമിലെ കാവല്‍ ശക്തമാക്കാന്‍ വേണ്ടി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിജയസുന്ദരം രണ്ട് റോട്ട് വീലര്‍ നായകളെ വാങ്ങിയത്. തോട്ടത്തോടൊപ്പം നായ്ക്കളേയും പരിപാലിച്ചിരുന്നത് ജീവാനന്ദമായിരുന്നു. രാവിലെ തോട്ടത്തിലെത്തിയാലുടന്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതായിരുന്നു ജീവാനന്ദത്തിന്‍റെ രീതി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ജീവാനന്ദം നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയത്.ഭക്ഷണം ലഭിക്കാതെയിരുന്ന നായ്ക്കള്‍ ഇതോടെ ഇയാളെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ജീവാനന്ദം ശ്രമിച്ചെങ്കിലും നായ്ക്കളുടെ തലയ്ക്കുള്ള കടിയേറ്റ് ഇയാള്‍ വീഴുകയായിരുന്നു. ജീവാനന്ദത്തിന്‍റെ മുഖം മുഴുവന്‍ കടിച്ച് വികൃതമാക്കിയ നായ്ക്കള്‍ ചെവികള്‍ കടിച്ചെടുത്തു. 

തോട്ടത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികളാണ് വിജയസുന്ദരത്തേ വിവരം അറിയിച്ചത്. വിജയസുന്ദരവും ഭാര്യയുമെത്തിയാണ് നായകളെ നിയന്ത്രിച്ചത്. ജീവാനന്ദത്തിന്‍റെ മരണത്തില്‍ നാല്‍പ്പത്തിയഞ്ചുകാരിയായ ഭാര്യ കവിത പൊലീസില്‍ പരാതി നല്‍കി. ഇതോടെ ഫാമിലെത്തിയ പൊലീസുകാരാണ് ജീവാനന്ദത്തിന്‍റെ മൃതദേഹം നീക്കിയത്. ദുരൂഹസാഹചര്യത്തിലെ മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 

അപ്രതീക്ഷിതമായ പെരുമാറ്റത്തിന്‍റെ പേരില്‍ സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, റോമേനിയ, ഉക്രൈന്‍, റഷ്യ, ഇസ്രയേല്‍ അടക്കമുള്ള രാജ്യങ്ങളില്‍ വളര്‍ത്തുന്നതിന് നിരോധനമുള്ള ഇനം നായ്ക്കളാണ് റോട്ട് വീലര്‍. അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിലും റോട്ട് വീലര്‍ നിരോധിച്ച നായ ഇനമാണ്. എന്നാല്‍ ഇന്ത്യയില്‍ റോട്ട് വീലറിനെ വളര്‍ത്തുന്നതിന് ഇതുവരേയും നിയന്ത്രണങ്ങളൊന്നുമില്ല.