Asianet News MalayalamAsianet News Malayalam

മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായി മുൻ ബിജെപി നേതാവിന് നിയമനം; വിവാദം

വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഇങ്ങനെയൊരാളെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് അധാർമ്മികമാണെന്നും കാട്ടി മദ്രാസ് ഹൈക്കോടതിയിലെ ഒരു കൂട്ടം അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചു

row over Lakshmana chandra Viktoria Gowri judge appointment in Madras HC kgn
Author
First Published Feb 6, 2023, 7:21 PM IST

ദില്ലി: മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി മുൻ ബിജെപി നേതാവ് ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയുടെ നിയമനം വിവാദത്തിൽ.  ഗൗരിയുടെ നിയമനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും. ന്യൂനപക്ഷങ്ങൾക്കെതിരെ  ഗൗരി നടത്തിയ പ്രസ്താവനകൾ നേരത്തെ വലിയ വിവാദമായിരുന്നു.

മദ്രാസ് ഹൈക്കോടതിയുടെ മധുരാ ബെഞ്ചിൽ അഭിഭാഷകയായിരുന്നു വിക്ടോറിയ ഗൗരി. ഇവർ ഉൾപ്പെടെ അഞ്ചു പേരെയാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ജനുവരി 17-ന് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തത്. വിവരം പുറത്തായതോടെ ഗൗരിയെ ജഡ്ജിയായി നിയമിക്കരുതെന്ന് കാട്ടി ചീഫ് ജസ്റ്റിസിനും  രാഷ്ട്രപതിക്കും  പരാതികളെത്തി. വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഇങ്ങനെയൊരാളെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് അധാർമ്മികമാണെന്നും കാട്ടി മദ്രാസ് ഹൈക്കോടതിയിലെ ഒരു കൂട്ടം അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചു. 

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലെത്തിയ ഹർജി വെള്ളിയാഴ്ച്ച  പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഗൗരി അടക്കം പതിമൂന്ന് പേരെ അഡീഷണൽ ജഡ്ജിമാരാക്കി കേന്ദ്ര സർക്കാർ ഇതിന് പിന്നാലെ നിയമന ഉത്തരവും ഇറക്കി. ഈ കാര്യം വീണ്ടും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചതോടെ ഹർജി നാളെ തന്നെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. 

വിക്ടോറിയ ഗൗരിയെ ശുപാർശ ചെയ്തതിന് പിന്നാലെയാണ് പരാതികൾ എത്തിയതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിശദീകരിച്ചു.  ആര്‍ എസ് എസിന്‍റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ന്യൂനപക്ഷ വിരുദ്ധമായി വിക്ടോറിയ ഗൗരി എഴുതിയ ലേഖനമാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. വിക്ടോറിയ ഗൗരിക്കെതിരായ പടയൊരുക്കത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന വാദവുമായി അവരെ അനുകൂലിക്കുന്ന വിഭാഗവും രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios