റെയില്‍വെ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ നിരവധിപ്പേരുടെ ജീവന്‍ വരെ അപകടത്തിലാവുമായിരുന്ന വലിയ അപകടത്തിലേക്ക് ഇത് എത്തുമായിരുന്നു.

മുസഫര്‍നഗര്‍: ട്രെയിനിനുള്ളില്‍ തണുപ്പ് അകറ്റാന്‍ യുവാക്കള്‍ ചെയ്തത് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ചാണകവരളി കൊണ്ടുവെച്ച് അതിന് തീയിട്ട് പതിനഞ്ചോളം പേര്‍ ചുറ്റുമിരുന്ന് തീകായുന്നു. തീപിടിക്കാന്‍ സാധ്യതയുള്ള എല്ലാ സാധനങ്ങള്‍ക്കും കര്‍ശന വിലക്കുള്ള ട്രെയിനിനുള്ളിൽ നടക്കുന്നത് കണ്ട് ഉദ്യോഗസ്ഥരുടെ കണ്ണുതള്ളി. വന്‍ ദുരന്തമാണ് അവരുടെ സമയോചിത ഇടപെടലിലൂടെ ഒഴിവായത്.

ഉത്തര്‍പ്രദേശിലെ അലിഗറിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ആസാമില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സമ്പര്‍ക്കക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലായിരുന്നു വ്യത്യസ്തമായ ഈ തീകായല്‍ നടന്നത്. ചന്ദന്‍ കുമാര്‍, ദേവേന്ദ്ര സിങ് എന്നിവരാണ് അറസ്റ്റിലായത്. മറ്റ് 14 യാത്രക്കാരെ കൂടി കസ്റ്റഡിയിലെത്തിരുന്നെങ്കിലും താക്കീത് നല്‍കി വിട്ടയച്ചു. എന്നാല്‍ കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടായിരുന്നുവെന്നും തങ്ങള്‍ നിരപരാധികളാണെന്നുമാണ് അറസ്റ്റിലായ യുവാക്കള്‍ പറഞ്ഞത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും റെയില്‍വെ നിയമത്തിലെയും നിരവധി വകുപ്പുകള്‍ ചുമത്തി കേസെടുത്ത ഇരുവരും റിമാന്‍ഡിലാണ്. 30 വയസിന് താഴെ പ്രായമുള്ളവരാണ് പ്രതികള്‍.

ട്രെയിനിനകത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥർ ഒരു ജനറല്‍ കോച്ചില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടാണ് അവിടേക്ക് എത്തിയത്. ചെന്നുനോക്കിയപ്പോള്‍ ചാണകവരളിയില്‍ തീയിട്ട് ഒരുകൂട്ടമാളുകള്‍ തീകായുന്നു. ഞെട്ടിപ്പോയ ഇവര്‍ അടുത്തുള്ള ആര്‍പിഎഫ് സ്റ്റേഷനായ അലിഗറില്‍ വിവരമറിയിച്ചു. ഇവിടെ സ്റ്റോപ്പ് ഇല്ലാതിരുന്നിട്ടും ട്രെയിന്‍ അടിയന്തിരമായി നിര്‍ത്തി ഇവരെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് കോച്ചില്‍ വിശദമായ പരിശോധന നടത്തി. അപ്പോഴാണ് ചാണക വരളികള്‍ കണ്ടെടുത്തത്. 

തീപിടിക്കാന്‍ സാധ്യതയുള്ള എല്ലാ സാധനങ്ങള്‍ക്കും ട്രെയിനില്‍ കര്‍ശന വിലക്കുണ്ട്. സ്റ്റേഷനുകളിലോ ട്രെയിനുകളിലോ ഇത്തരം സാധനങ്ങള്‍ വില്‍ക്കപ്പെടുന്നുമില്ല. അതുകൊണ്ടുതന്നെ ഇരുവരും ചാണകവരളി നേരത്തെ കൈയില്‍ കരുതിയിരുന്നു എന്നാണ് മനസിലാവുന്നതെന്ന് പൊലീസ് പറ‍ഞ്ഞു. വിശദമായ അന്വേഷണം തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...