ഗുജറാത്തിലെ സൂറത്തിൽ 21 കോടി രൂപ ചെലവിൽ നിർമ്മിച്ച കൂറ്റൻ ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പ് തകർന്നു വീണു. പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം നിറയ്ക്കുന്നതിനിടെയാണ് 11 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് തകർന്നത്. 

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ 21 കോടി രൂപ ചെലവിൽ നിർമ്മിച്ച വാട്ടർ ടാങ്ക് ഉദ്ഘാടനത്തിന് മുമ്പ് തന്നെ തകർന്നുവീണു. സൂറത്ത് ജില്ലയിലെ 33 ഗ്രാമങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച പദ്ധതിയാണ് തകർന്നത്. സംഭവം അഴിമതി വിവാദത്തിന് തിരികൊളുത്തുകയും വാട്ടർ ടാങ്ക് നിർമ്മിക്കാൻ ഉപയോഗിക്കുന്ന നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു.

സംസ്ഥാനത്തെ ഗേപാഗ്ല ഗ്രൂപ്പ് ജലവിതരണ പദ്ധതി പ്രകാരമുള്ള മാണ്ഡ്വി താലൂക്കിലെ തഡ്കേശ്വർ ഗ്രാമത്തിലാണ് ടാങ്ക് തകർന്നത്. ജനുവരി 19 ന് പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം നിറയ്ക്കുന്നതിനിടെ 15 മീറ്റർ ഉയരവും 11 ലക്ഷം ലിറ്റർ ശേഷിയുമുള്ള വാട്ടർ ടാങ്ക് തകർന്നുവീഴുകയായിരുന്നു.

ഉച്ചയ്ക്ക് 12 മണിയോടെ ഏകദേശം 9 ലക്ഷം ലിറ്റർ വെള്ളം പരിശോധനയ്ക്കായി ടാങ്കിലേക്ക് നിറച്ചു. അപ്പോൾ തന്നെ ടാങ്ക് ചീട്ടുകൊട്ടാരം പോലെ തകർന്നു. അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. 21 കോടി രൂപ പൊതു പണം ചെലവഴിച്ചിട്ടും നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചതായി നാട്ടുകാർ ആരോപിച്ചു. പരിശോധനയിൽ നിർമ്മാണ നിലവാരം മോശമാണെന്ന ആശങ്കാജനകമായ വസ്തുതകൾ കണ്ടെത്തി. അവശിഷ്ടങ്ങളിൽ നിന്ന് സിമന്റ് പാളികൾ അടർന്നു വീണു. ചെലവ് ചുരുക്കുന്നതിനും ഫണ്ട് തട്ടിയെടുക്കുന്നതിനുമായി കരാറുകാരൻ മെറ്റീരിയലിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്തതായി ഗ്രാമവാസികൾ ആരോപിച്ചു. ജയന്തി സ്വരൂപ് എന്ന ഏജൻസിക്കാണ് കരാർ നൽകിയത്. വിശദമായ സാങ്കേതിക അന്വേഷണം നടത്തുമെന്ന് അധികൃതർ ഉറപ്പുനൽകി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സൂറത്തിലെ എസ്‌വി‌എൻ‌ഐ‌ടിയിലെ (സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) സ്ട്രക്ചറൽ എഞ്ചിനീയർമാരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയ് ചൗധരി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞാൽ കരാറുകാരനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.