നാഗ്പൂര്‍: കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. 'മോദി ഹൈന്‍ തോ മുംമ്കിന്‍ ഹൈന്‍'(മോദിയാണെങ്കില്‍ സാധ്യമാകും) എന്നായിരുന്നു ഭാഗവതിന്‍റെ അഭിനന്ദനം. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ സ്വാതന്ത്ര്യദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.  ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ഒരുപ്രധാന പ്രശ്നം പരിഹരിച്ചെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ഇനിമുതല്‍ രാജ്യത്തെ മറ്റ് പൗരന്മാരെപ്പോലെ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കാം. അവര്‍ക്ക് തുല്യ അവസരമാണ് കൈവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ ഭരണനേതൃത്വമാണ് ഇതിന് പിന്നില്‍. ജമ്മുകശ്മീരിലെയും രാജ്യത്തെയും മൊത്തം ജനങ്ങളുടെ ആവശ്യമാണ് സാധ്യമായതെന്നും ഭാഗവത് പറഞ്ഞു. ഇന്ത്യ സൂപ്പര്‍ പവറായി മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.