രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്കിടെ കേന്ദ്ര സർക്കാരിന് പിന്തുണയുമായി ആർഎസ്എസ് മേധാവി. വിദേശ ശക്തികളുടെ പിന്തുണയോടെ ഇന്ത്യയിൽ അട്ടിമറിക്ക് ശ്രമം നടക്കുന്നുണ്ടെന്ന് വിജയദശമി പ്രസംഗത്തിൽ മോഹൻ ഭാഗവത് പറഞ്ഞു. പ്രസംഗത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യതലസ്ഥാനത്തടക്കം ശക്തമായി തുടരുന്നതിനിടെ സര്‍ക്കാരിനെ പിന്തുണച്ച് ആര്‍ എസ് എസ് രംഗത്തെത്തി. ക്ഷുദ്ര ശക്തികള്‍ രാജ്യത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുമ്പോഴും ഇന്ത്യയില്‍ അട്ടിമറി ഉണ്ടാവില്ലെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരില്‍ ആര്‍ എസ് എസിന്‍റെ വിജയദശമി പ്രസംഗത്തിലാണ് രാജ്യത്തെ പ്രക്ഷോഭങ്ങളെപ്പറ്റിയുള്ള ആര്‍ എസ് എസ് മേധാവിയുടെ പരാമര്‍ശം. ക്ഷുദ്ര ശക്തികള്‍ ക്രമസമാധാനം തകര്‍ക്കാന്‍ നീക്കം നടത്തുന്നുവെന്നാണ് ആരോപണം. ഇതിന് വിദേശ ശക്തികളുടെ പിന്തുണയുണ്ടെന്ന ബി ജെ പി വാദം ആര്‍ എസ് എസും ആവര്‍ത്തിച്ചു. പടിഞ്ഞാറുനിന്നൊരു കാറ്റ് ഉയര്‍ന്നുവരുന്നുണ്ടെന്നാണ് ബംഗ്ലാദേശിലെയും ഫ്രാന്‍സിലെയും അല്‍ബേനിയയിലെയും അശാന്തിയെ പരാമര്‍ശിച്ചുള്ള മുന്നറിയിപ്പ്. എന്നാല്‍ ഇതൊന്നും ഭരണമാറ്റത്തിന് പര്യാപ്തമല്ലെന്നാണ് മോഹന് ഭഗവതിന്‍റെ ആത്മവിശ്വാസം. വിവേചന ബുദ്ധിയില്ലാതെ യുവാക്കള്‍ കാണുന്ന ഒ ടി ടി ഉള്ളടക്കത്തിന് നിയന്ത്രണം വേണമെന്നും ആര്‍ എസ് എസ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ ഐക്യം ശക്തമാകുമ്പോഴാണ് വിജയ ദശമി പ്രസംഗത്തിൽ മോഹന്‍ ഭാഗവത്, കേന്ദ്ര സർക്കാരിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത് എന്നത് ശ്രദ്ധേയമായി. ആര്‍ എസ് എസിന്‍റെ 100 വര്‍ഷത്തെ രാഷ്ട്ര നിര്‍മാണ സംഭാവനകളെ ഉള്‍ക്കൊള്ളുന്ന പ്രസംഗമാണ് മോഹന്‍ ഭാഗവതിന്‍റേതെന്ന് പ്രകീര്‍ത്തിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി നന്ദിയും അറിയിച്ചു. ദേശിയ പുരോഗതി, ഐക്യം, സ്വയം പര്യാപ്തത എന്നിവയിലൂന്നിയ വിശദ വീക്ഷണങ്ങളാണ് ആര്‍ എസ് എസ് മേധാവി പങ്കുവച്ചതെന്നടക്കമുള്ളതാണ് മോദിയുടെ പ്രശംസ.

ആ‌ർ എസ് എസിനെതിരെ രാഹുൽ ഗാന്ധി

അതേസമയം നൂറ്റിയൊന്നാം ജന്മദിനത്തിലും ആര്‍ എസ് എസ് കടന്നാക്രമിക്കുന്ന നിലപാട് രാഹുൽ ആവർത്തിച്ചു. സ്ത്രീകള്‍ പുരുഷന്മാരുടെ സ്വത്താണെന്ന് വിശ്വസിക്കുന്ന ഭരണഘടനാ വിരുദ്ധ നിലപാടുള്ള വിഭാഗമാണ് ആര്‍ എസ് എസ് എന്നായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. ശിവശക്തിയില്‍ വിശ്വസിക്കുന്ന തനിക്ക് ആര്‍ എസ് എസിലുള്ള പല സ്ത്രീകളുടെയും പിന്തുണയുണ്ടെന്നും രാഹുല്‍ എക്സില്‍ കുറിച്ചു. മോദിക്കും അമിത് ഷായ്ക്കുമൊപ്പം ഗ്യാനേഷ് കുമാറിനെ നിയന്ത്രിക്കുന്നവരിൽ മോഹൻ ഭഗവതുമുണ്ടെന്ന ആരോപണം നേരത്തെ രാഹുൽ ഉന്നയിച്ചിരുന്നു. അതേസമയം ആർ എസ് എസ് സ്ഥാപക ദിനത്തിൽ എല്ലാ സ്വയംസേവകർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ രംഗത്തെത്തിയിരുന്നു. സംഘടനയെ വളർത്തിയെടുക്കാൻ സമർപ്പണബോധത്തോടെ പ്രവർത്തിച്ച മഹത്‌വ്യക്തികൾക്കെല്ലാം പ്രണാമം അർപ്പിക്കുന്നതായി മോദി എക്സിൽ കുറിച്ചു. സേവനത്തിലും രാഷ്ട്രനിർമ്മാണത്തിലും സാമൂഹിക സൗഹാർദ്ദത്തിലും ആർ എസ് എസ് മഹത്തായ ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണെന്ന് മോദി കുറിച്ചു.

YouTube video player