Asianet News MalayalamAsianet News Malayalam

'അയോധ്യ മാതൃകയില്‍ മുന്‍കരുതലെടുത്തില്ല'; പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപിയെ വിമര്‍ശിച്ച് ആര്‍എസ്എസ്

ജനുവരി ഏഴ് മുതല്‍ 15 വരെ സിഎഎ ബോധവത്കരണവുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറും. മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ച് യോഗങ്ങളും സംഘടിപ്പിക്കും. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് യുപിയില്‍ ആറ് കൂറ്റന്‍ റാലികള്‍ സംഘടിപ്പിക്കും. ചില റാലികളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തേക്കും.

RSS criticized BJP over fail to realise the protest against CAA in Nation wide
Author
New Delhi, First Published Dec 30, 2019, 6:24 PM IST

ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്. സമാധാനം സംരക്ഷിക്കുന്നതിന് അയോധ്യക്കേസില്‍ സുപ്രീം കോടതി വിധിക്ക് മുമ്പ് സ്വീകരിച്ച നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിയില്‍ സ്വീകരിച്ചില്ലെന്ന് ആര്‍എസ്എസ് കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതി നടപ്പില്‍ വരുത്തിയാല്‍ രാജ്യത്താകമാനം പ്രക്ഷോഭമുണ്ടാകുമെന്ന കാര്യം ബിജെപിയും സര്‍ക്കാറും തിരിച്ചറിഞ്ഞില്ലെന്നും ആര്‍എസ്എസ് വ്യക്തമാക്കി. മീററ്റില്‍ ആര്‍എസ്എസ്-ബിജെപി ഉന്നതതല യോഗത്തിലാണ് വിമര്‍ശനമുണ്ടായത്.

പ്രക്ഷോഭത്തിന്‍റെ തീവ്രതകുറക്കാനും സര്‍ക്കാറിനോടും ബിജെപിയോടുമുള്ള എതിര്‍പ്പ് കുറക്കാനും ജനുവരി 26 വരെ പ്രത്യേക പദ്ധതി തയ്യാറാക്കാനും ആര്‍എസ്എസ് ആവശ്യപ്പെട്ടു. അയോധ്യ വിധിക്ക് മുമ്പ് പ്രതിഷേധവും അക്രമവും ഒഴിവാക്കാന്‍, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനിടയില്‍ നിന്നുയരുന്ന എതിര്‍പ്പ് ഇല്ലാതാക്കാനും വലിയ രീതിയിലുള്ള മുന്നൊരുക്കമാണ് സര്‍ക്കാര്‍ തലത്തിലും സംഘടന തലത്തിലും നടത്തിയത്.

സാഹോദര്യവും ഐക്യവും സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി തന്നെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ന്യൂനപക്ഷ മന്ത്രി മുഖ്‍താര്‍ അബ്ബാസ് നഖ്‍വിയും മുസ്ലിം മത നേതാക്കളും സമാധാനത്തിന് മുന്നിട്ടിറങ്ങി. ഉത്തര്‍പ്രദേശില്‍ ജില്ലാഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള മുന്നൊരുക്കമാണ് നടത്തിയത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ജാമിയത് ഉലമ ഇ ഹിന്ദ് നേതാവ് മൗലാന അര്‍ഷദ് മദനിയുമായി കൂടിക്കാഴ്ച നടത്തി. 

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. സിഎഎ നടപ്പാക്കുന്നതിന് മുമ്പ് ന്യൂനപക്ഷവുമായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പമുണ്ട്. ഇതാണ് പ്രക്ഷോഭമായി പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്നും ആര്‍എസ്എസ് നിരീക്ഷിച്ചു. പൊതുജന പ്രതിഷേധം മുന്‍കൂട്ടി കാണുന്നതില്‍ ബിജെപി നേതാക്കള്‍ പരാജയപ്പെട്ടു. പ്രതിപക്ഷ കക്ഷികളില്‍ നിന്നുണ്ടാകുന്ന പ്രതിഷേധങ്ങള്‍ക്കപ്പുറം ഒന്നും ഉണ്ടാകില്ലെന്ന് ധരിച്ചു.

പ്രക്ഷോഭങ്ങള്‍ ഇന്ന് കാണുന്ന രീതിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ബിജെപി എംപി രാജേന്ദ്ര അഗര്‍വാള്‍ എക്കണോമിക് ടൈംസിനോട് പറഞ്ഞു. പ്രക്ഷോഭം ആക്രമാസക്തമാകുന്നതില്‍ കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കും പങ്കുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍, പ്രക്ഷോഭങ്ങളെ കോണ്‍ഗ്രസ് പിന്തുണക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിന്‍റെ പാര്‍ലമെന്‍ററി സംയുക്ത സമിതിയുടെ ചെയര്‍മാനായിരുന്നു അഗര്‍വാള്‍. 

ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സുനില്‍ ബന്‍സാലിന്‍റെ നേതൃത്വത്തിലാണ് യോഗം നടന്നത്. ആര്‍എസ്എസ് ഉന്നതരെ കൂടാതെ കേന്ദ്രമന്ത്രിമാരായ വികെ സിംഗ്, സഞ്ജീവ് ബല്യാന്‍, അമ്പതോളം എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ജനുവരി ഏഴ് മുതല്‍ 15 വരെ സിഎഎ ബോധവത്കരണവുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറാനും തീരുമാനിച്ചു. മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ച് യോഗങ്ങളും സംഘടിപ്പിക്കും. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് യുപിയില്‍ ആറ് കൂറ്റന്‍ റാലികള്‍ സംഘടിപ്പിക്കും. ചില റാലികളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തേക്കും.

Follow Us:
Download App:
  • android
  • ios