ദില്ലി: ഇസ്രായേല്‍ ചാരസംഘടന മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് ആര്‍എസ്എസ് മുന്‍ സൈദ്ധാന്തികന്‍ കെഎന്‍ ഗോവിന്ദാചാര്യ. ഫേസ്ബുക്ക്, വാട്സ് ആപ്, എന്‍എസ്ഒ ഗ്രൂപ് എന്നിവര്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്ത് എന്‍ഐഎ അന്വേഷിക്കണമെന്ന് ഗോവിന്ദാചാര്യ ആവശ്യപ്പെട്ടു. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.

കോടതിയില്‍ തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ചതിന് വാട്സ് ആപിനെതിരെ നടപടി സ്വീകരിക്കണം. നിരീക്ഷണത്തിനായി ചാര സോഫ്റ്റ്‍വെയര്‍ സര്‍ക്കാര്‍ ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യത ഇല്ലാതാക്കുന്ന അനധികൃതമായ നിരീക്ഷണത്തില്‍നിന്ന് സംരക്ഷണം നല്‍കണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു. 

ചാര സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിച്ച് പൗരന്മാരെ നിരീക്ഷിക്കുന്ന സര്‍ക്കാര്‍ നടപടി സുപ്രീം കോടതി ഇടപെട്ട് തടയണം. ചാര സോഫ്റ്റ്‍വെയറുകളുമായി ഇന്ത്യയില്‍ വില്‍ക്കുന്ന മൊബൈല്‍ ഫോണ്‍ കമ്പനികള്‍ കരാറിലാണെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.