മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുടെ സർക്കാർ രൂപീകരണ ശ്രമങ്ങളെ തടഞ്ഞ ശിവസേനയെ അനുനയിപ്പിക്കാൻ ആർഎസ്എസ് ഇടപെടുന്നു. ആർഎസ്എസിന്‍റെ ദൂതൻ മാതോശ്രീയിലെത്തി ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തി. അതേസമയം മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ ചർച്ചയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സേന. 

എംഎൽഎമാരെ റിസോർട്ടിലൊളിപ്പിച്ചും സമവായ ചർച്ചകൾക്കുള്ള വാതിലുകൾ അടച്ചും കനത്ത സമ്മർദ്ദമാണ് ശിവസേന ഉയർത്തുന്നത്. ആർഎസ്എസ് സഹയാത്രികൻ സാംമ്പാജീ ബിഡേ ഇന്നലെ രാത്രി മാതോശ്രീയിലെത്തി ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. ഹിന്ദുത്വ ആശയം മുന്നോട്ട് വയ്ക്കുന്ന പാർട്ടികളുടെ സഖ്യസർക്കാർ അധികാരത്തിൽ വരണമെന്ന മോഹൻ ഭഗ്‍വതിന്‍റെ താൽപര്യം സാംബാജി ഉദ്ദവിനെ അറിയിച്ചു. 

അധികാരം പങ്കുവയ്ക്കാമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതാണ്. എന്നിട്ടും താൻ കള്ളവാണ് പറയുന്നതെന്ന് പരസ്യമായി പറഞ്ഞ് ദേവേന്ദ്ര ഫഡ്നാവിസ് മുറിവേൽപ്പിച്ചെന്ന് ഉദ്ദവ് പറ‍ഞ്ഞു. 15 ദിവസം നടത്തിയ സമ്മർദ്ദം മുഖ്യമന്ത്രി പദം കിട്ടാതെ അവസാനിക്കില്ലെന്നും കൂടിക്കാഴ്ചയിൽ സേന നിലപാടെടുത്തു.അതേസമയം ശിവസേന എംഎൽഎമാരുടെ യോഗം ഇന്നും ചേരും. എല്ലാ എംഎൽഎമാരോടും മുംബൈയിലെത്താൻ ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. 

നാളെ വൈകീട്ട് നാല് മണിവരെ നിലവിലെ നിയമസഭയ്ക്ക് കാലാവധിയുണ്ടെന്ന് രാജ്ഭവൻ അറിയിച്ചു.അതിന് മുൻപും ശേഷവും സർക്കാർ രൂപീകരിക്കാനായി കക്ഷികളെ ക്ഷണിക്കാൻ ഗവർണർക്ക് കഴിയും.ആരും സർക്കാർ രൂപീകരിക്കില്ലെന്ന് ഉറപ്പായാലാണ് രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുക. പുതിയ സർക്കാർ അധികാരമേൽക്കും വരെ ഫഡ്നാവിസ് തന്നെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ ആവശ്യപ്പെടും.