അയോധ്യയിലെ ബാബ്‍രി മസ്ജിദ് പൊളിച്ചതിന് ശേഷം കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങളാണ് ലക്ഷ്യമെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. 

ദില്ലി: അയോധ്യയിലേതിന് സമാനമായി വാരാണസി, മഥുര എന്നിവിടങ്ങളിലെ മുസ്ലിം പള്ളികള്‍ക്ക് മേലുള്ള അവകാശ വാദം ഉപേക്ഷിക്കുന്നതായി ആര്‍ എസ് എസ്. വാരാണസിയിലും മഥുരയിലുമുള്ള പള്ളികള്‍ പൊളിക്കണമെന്ന ആവശ്യത്തില്‍ നിന്ന് അകലം പാലിക്കുന്നതായി ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് വ്യക്തമാക്കി. അയോധ്യ വിധിക്ക് ശേഷമാണ് മോഹന്‍ ഭാഗവത് ഇക്കാര്യം വ്യക്തമാക്കിയത്. 

അയോധ്യയിലെ ബാബ്‍രി മസ്ജിദ് പൊളിച്ചതിന് ശേഷം കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങളാണ് ലക്ഷ്യമെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. "യെഹ് സിര്‍ഫ് ഝന്‍കി ഹെ, കാശി, മഥുര ബാക്കി ഹെ(ഇത് തുടക്കം മാത്രം, കാശിയും മഥുരയും വരാനുണ്ട്)" എന്നായിരുന്നു മുദ്രാവാക്യം. 
വാരാണസിയിലെ പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രം അതിര്‍ത്തി പങ്കിടുന്നത് ഗ്യാന്‍വാപി പള്ളിയുമായിട്ടാണ്.

മഥുരയിലെ കൃഷ്ണജന്മ ക്ഷേത്ര സമുച്ചയത്തിന് സമീപമാണ് ഷാഹി ഇദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് പള്ളികളും പൊളിക്കണമെന്ന് സംഘ്പരിവാര്‍ സംഘടനകളുടെ ഏറെക്കാലത്തെ ആവശ്യമാണ്. വാരാണസിലെയും മഥുരയിലെയും പള്ളികള്‍ പൊളിക്കണമെന്ന നിലപാട് തിരുത്തണമെന്നതും പള്ളികള്‍ പൊളിക്കാതിരിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്നും. അയോധ്യ വിധിക്ക് മുമ്പ്, ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ മുസ്ലിം സംഘടനകള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.