ദില്ലി: അയോധ്യ കേസിലെ സുപ്രീംകോടതി വിധി എല്ലാവരും സംയമനത്തോടെ നേരിടണമെന്ന് ആർ എസ് എസ്. രാജ്യത്ത് മത സൗഹാർദ്ദം പുലരണമെന്നും ആർ എസ് എസ് ട്വീറ്റ് ചെയ്തു.ആർ എസ് എസ് പ്രചാരകരുടെ യോഗം ദില്ലിയിൽ പുരോഗമിക്കുന്നതിനിടെയാണ് ട്വീറ്റ് പ്രത്യേക്ഷപ്പെട്ടത്. അയോധ്യ കേസില്‍ 40 ദിവസം വാദം കേട്ട സുപ്രീംകോടതി ഭരണഘടന ബഞ്ച് വിധി പറയാനായി കേസ് മാറ്റിവച്ചിട്ടുണ്ട്.

നേരത്തെ അയോധ്യ വിധി പുറപ്പെടുവിക്കുന്പോൾ ഭാവി തലമുറയെക്കൂടി കണക്കിലെടുക്കണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ അപേക്ഷയിലാണ് കേസിലെ കക്ഷികളായ മുസ്ലിം സംഘടനകൾ ഈ നിർദ്ദേശം മുന്നോട്ടു വച്ചത്. ഭാവി തലമുറയെക്കൂടി ബാധിക്കുന്നതാകും അയോധ്യ കേസിലെ വിധി. ഒപ്പം രാജ്യത്തിന്‍റെ രാഷ്ട്രീയഗതിയേയും സ്വാധീനിക്കും. വിധിയുടെ സത്ത എന്താകണം എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നാൽ അങ്ങനെ തീരുമാനിക്കുന്പോൾ ഭാവി തലമുറ മനസ്സിലുണ്ടാകണമെന്നും അപേക്ഷിയിൽ പറയുന്നു.

ഇന്ത്യയിലെ കോടിക്കണക്കിന് പൗരൻമാരുടെ ചിന്തയേയും വിധി സ്വാധീനിക്കും. അതിനാൽ ഭരണഘടനാ മൂല്യങ്ങൾ മുറുകെ പിടിക്കുന്നതാകണം വിധിയെന്നും അപേക്ഷയിൽ പറയുന്നു. ദേശീയതയും മതേതരത്വവും കാത്തുസൂക്ഷിക്കണം. വിധി എന്തു തന്നെയായാലും യാതൊരു പ്രകോപനവും ഉണ്ടാവില്ലെന്ന് മുസ്ലീം സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മതേതരത്വത്തിന് മുന്‍ഗണന നല്‍കുന്നതാകും നിലപാട്. അനുകൂല വിധിയുണ്ടാവുകയാണെങ്കില്‍ തര്‍ക്ക ഭൂമിയില്‍ ഉടന്‍ പള്ളി പണിയില്ലെന്ന് മുസ്ലിം സംഘടനകൾ നേരത്തെ നിലപാടറിയിച്ചിരുന്നു.