ഗാന്ധിന​ഗർ: അന്തരീക്ഷത്തിലെ വൈറസുകളെ തടയാൻ  ഹോളി ആഘോഷങ്ങള്‍ക്ക് പശുവിൻ നെയ്യും, വേപ്പിലയും, കര്‍പ്പൂര്‍വും ഉപയോഗിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്തിലെ ജനങ്ങള്‍ക്കുള്ള ഹോളി ആശംസയിലാണ് മന്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശം.

ഹോളിയുടെ ഭാഗമായുണ്ടാക്കുന്ന തീക്കുണ്ഡത്തിലേക്ക് പശുവിൻ നെയ്യ്, ഉണങ്ങിയ വേപ്പില, കര്‍പ്പൂരം, മരക്കറ, കടുക് എന്നിവ ഇട്ട് അന്തരീക്ഷം ‘ശുദ്ധീകരിക്കണ’മെന്നാണ് വിജയ് രൂപാണിയുടെ നിര്‍ദ്ദേശം. ഇതുവഴി അന്തരീക്ഷത്തില്‍ കൊറോണ പോലെ പടരുന്ന എല്ലാ രോഗങ്ങള്‍ക്കും ശമനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ അന്തരീക്ഷം മുഴുവന്‍ അണുവിമുക്തമാകുമെന്നും വിജയ് രൂപാണി പറഞ്ഞു. 

അതേസമയം, കൊവിഡ് 19 ല്‍ പരിശോധനകളും മുന്‍കരുതല്‍ നടപടികളും കടുപ്പിച്ചിരിക്കുകയാണ് രാജ്യം. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേരുള്‍പ്പടെ അഞ്ച് പേര്‍ക്ക് കേരളത്തില്‍ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും രാജ്യാതിര്‍ത്തികളിലെയും പരിശോധനകള്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 52 പരിശോധനാ ലാബുകളാണ് രാജ്യത്ത് സജ്ജമാക്കിയിരിക്കുന്നത്. രോഗബാധിതര്‍ കൂടുതലുള്ള ദില്ലി ഉള്‍പ്പെടുന്ന ഉത്തരേന്ത്യന്‍ മേഖലയിലെ സംസ്ഥാനങ്ങളും മുന്‍ കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

Read Also: കൊവിഡ് 19: മുന്‍കരുതലുകള്‍ കടുപ്പിച്ച് രാജ്യം; തുറമുഖങ്ങളിലും രാജ്യാതിര്‍ത്തികളിലും പരിശോധന കര്‍ശനം