Asianet News MalayalamAsianet News Malayalam

ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ എത്ര വിമാനങ്ങൾ വേണമെങ്കിലും ഏർപ്പെടുത്തും, 1396 പേർ തിരിച്ചെത്തി: കേന്ദ്രം

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പോളണ്ട് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. നിരവധി വിദ്യാർത്ഥികൾ കീവ് വിട്ടു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു

Russia Ukraine Crisis Op Ganga 1396 returned says MEA
Author
Delhi, First Published Feb 28, 2022, 6:15 PM IST

ദില്ലി: യുക്രൈനിൽ യുദ്ധ ഭൂമിയിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാൻ എത്ര വിമാനങ്ങൾ വേണമെങ്കിലും ഏർപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ്. ദില്ലിയിൽ ഓപറേഷൻ ഗംഗയെ കുറിച്ച് വിശദീകരിക്കുന്നതിന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. 1396 വിദ്യാർത്ഥികളെ ഇതുവരെ തിരിച്ചെത്തിച്ചെന്നും കേന്ദ്രസർക്കാർ പറഞ്ഞു.

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പോളണ്ട് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. നിരവധി വിദ്യാർത്ഥികൾ കീവ് വിട്ടു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കീവിലുള്ളവർക്ക് ട്രെയിനിൽ പടിഞ്ഞാറൻ മേഖലയിൽ എത്തണം. അടുത്ത 24 മണിക്കൂറിൽ 3 വിമാനങ്ങൾ തിരിച്ചെത്തും. എത്ര വിമാനങ്ങൾ വേണമെങ്കിലും ഏർപ്പെടുത്തും. അതിർത്തി കടക്കുന്നതിനാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും മന്ത്രാലയം അധികൃതർ പറഞ്ഞു.

അതേസമയം കീവിൽ നിന്ന് ട്രെയിനുണ്ടെന്ന് അറിഞ്ഞ് റെയിൽവെ സ്റ്റേഷനിലെത്തിയ ഇന്ത്യാക്കാരെ ട്രെയിനിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതിയുണ്ട്. മലയാളി വിദ്യാർത്ഥികളാണ് ഇന്ത്യാക്കാർക്ക് പ്രവേശനം നൽകുന്നില്ലെന്ന് പരാതിപ്പെട്ടത്. കീവിലെ റെയിൽവേ സ്റ്റേഷനിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. റെയിൽവെ സ്റ്റേഷനിലെത്താൻ നിർദ്ദേശിച്ചത് ഇന്ത്യൻ എംബസിയാണ്. എന്നാൽ യാത്രാ സൗകര്യം എംബസി അധികൃതർ ഉറപ്പാക്കിയില്ലെന്നാണ് ഇപ്പോഴുയരുന്ന പരാതി. 

Follow Us:
Download App:
  • android
  • ios