ദില്ലി: നരേന്ദ്രമോദി സർക്കാരിന്‍റെ കീഴിൽ ഇന്ത്യ ആഗോളതലത്തിൽ കൂടുതൽ ശക്തരായെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‍ശങ്കർ അഭിപ്രായപ്പെട്ടു. ആഗോളതലത്തിലെ അജണ്ടകൾ തീരുമാനിക്കുന്നതിൽ ഇന്ത്യയുടെ ശബ്ദം മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 

ഇന്ത്യ-അമേരിക്ക ബന്ധം വളരെ നല്ല നിലയിലാണെന്ന് ജയ്‍ശങ്കര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 90 ശതമാനം പൂര്‍ണവും 10 ശതമാനം ഭാഗികവുമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വ്യാപാരമേഖലയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ജയ്‍ശങ്കറിന്‍റെ പ്രതികരണം. ഏതൊരു ബന്ധത്തിലും പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മോദി സര്‍ക്കാരിന്,മാറ്റത്തിന്‍റെ സന്ദേശം നൂറു ദിവസം കൊണ്ട് നൽകാനായി. അതിർത്തി കടന്നുള്ള ഭീകരവാദമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പാകിസ്ഥാനിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ആഫ്രിക്കയില്‍ ഇന്ത്യ 18 എംബസ്സികള്‍ തുറക്കുമെന്നും ജയ്‍ശങ്കര്‍ പറഞ്ഞു. മന്ത്രിയായ ശേഷം ആദ്യമായാണ് ജയ്‍ശങ്കർ മാധ്യമങ്ങളെ കാണുന്നത്. രണ്ടാം മോദി സർക്കാരിന്‍റെ നൂറാം ദിവസത്തിന്‍റെ ഭാഗമായി ആയിരുന്നു വാർത്താസമ്മേളനം.