അമേരിക്ക ഇന്ത്യക്കെതിരെ അധിക തീരുവ നടപ്പാക്കാനിരിക്കെ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിനെതിരെ അമേരിക്ക ചുമത്തിയ പിഴ താരിഫ് അതിശയിപ്പിച്ചുവെന്ന് ജയശങ്കർ

മോസ്കോ: അമേരിക്ക ഇന്ത്യക്കെതിരെ അധിക തീരുവ നടപ്പാക്കാനിരിക്കെ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിലെ വ്യാപാര ബന്ധം ശക്തമായി മുന്നോട്ടു പോകുമെന്നും, റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിനെതിരെ അമേരിക്ക ചുമത്തിയ പിഴ താരിഫ് അതിശയിപ്പിച്ചെന്നും ജയശങ്കർ തുറന്നടിച്ചു.റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി മോസ്കോയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്.

'റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ ചൈനയാണ്. ഏറ്റവും കൂടുതൽ റഷ്യൻ വാതകം ഇറക്കുമതി ചെയ്യുന്നത് യൂറോപ്യൻ യൂണിയനാണ്. 2022-ന് ശേഷം റഷ്യയുമായി ഏറ്റവും കൂടുതൽ വ്യാപാരം വർധിപ്പിച്ചതും ഇന്ത്യയല്ലെന്നിരിക്കെ അമേരിക്ക നടത്തിയ നീക്കം യുക്തിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ കൂടാതെ റഷ്യയുമായി വ്യാപാരം തുടരുന്ന മറ്റ് രാജ്യങ്ങൾക്കും ട്രംപ് ഭരണകൂടം 500 ശതമാനം വരെ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ റഷ്യൻ എണ്ണയുടെ ഇറക്കുമതി വർധിപ്പിക്കുന്നതിലൂടെ ആഗോള ഊർജ്ജ വിപണി സ്ഥിരപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് മുൻപ് അമേരിക്ക തന്നെ ഇന്ത്യയെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും ജയശങ്കർ ഓർമ്മിപ്പിച്ചു. ഇന്ത്യ യുഎസിൽ നിന്നും എണ്ണ ഇറക്കുമതി വർധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്ക ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവയും റഷ്യൻ എണ്ണ ഇറക്കുമതിക്ക് പിഴ തീരുവയയായി 25 ശതമാനം അധിക നികുതിയും ചുമത്തി. ഇതോടെ മൊത്തം നികുതി 50 ശതമാനമായി. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ ലഭിക്കുന്ന പണം റഷ്യ യുക്രെയ്ൻ യുദ്ധത്തിന് ഉപയോഗിക്കുന്നുവെന്നാണ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആരോപിക്കുന്നത്. ഇക്കാരണത്താലാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഡോണാൾഡ് ട്രംപ് ഇന്ത്യക്കുമേൽ സമ്മർദ്ദം ചെലുത്തുന്നത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതി രാജ്യത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ചുള്ള ഒരു തീരുമാനം മാത്രമാണെന്നും, റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് ധനസഹായം നൽകുന്നു എന്ന യുഎസിൻ്റെ ആരോപണം തെറ്റാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. 

ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിലെ വ്യാപാര ബന്ധം ശക്തമായി മുന്നോട്ടു പോകും. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി റഷ്യ കൂട്ടണം. റഷ്യൻ സൈന്യത്തിലുള്ള ഇന്ത്യക്കാരെയെല്ലാം തിരിച്ചയക്കണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു.