Asianet News MalayalamAsianet News Malayalam

ട്രംപിന്‍റെ 'കശ്മീർ മധ്യസ്ഥത'യിൽ ഇരുസഭകളും പ്രക്ഷുബ്ധം: അടിസ്ഥാന രഹിതമെന്ന് എസ് ജയ്‍ശങ്കർ

കശ്മീർ പ്രശ്നത്തിൽ ഇടനിലക്കാരനാകാമെന്ന ട്രംപിന്‍റെ പ്രസ്താവന നിരുപാധികം തള്ളുന്നുവെന്ന് വിദേശ കാര്യമന്ത്രി എസ് ജയ്‍ശങ്കർ പറഞ്ഞെങ്കിലും ബിജെപി പ്രതിരോധത്തിലാണ്. കോൺഗ്രസാകട്ടെ ഇത് ആയുധമാക്കുകയും ചെയ്യുന്നു. 

s jaishanker denies that modi asked trump to be the interlocutor of kashmir issue
Author
New Delhi, First Published Jul 23, 2019, 1:00 PM IST

ദില്ലി: കശ്മീർ വിഷയത്തിൽ ഇടനിലക്കാരനാകാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്ന പ്രസ്താവനയിൽ ബിജെപി കടുത്ത പ്രതിരോധത്തിൽ. ഇരുസഭകളിലും കോൺഗ്രസ് ഈ വിഷയമുയർത്തി പ്രതിഷേധിച്ചു. കശ്മീരിൽ ഇന്ത്യയും പാകിസ്ഥാനുമല്ലാതെ മൂന്നാമതൊരാളില്ലെന്ന വർഷങ്ങളായുള്ള ഇന്ത്യയുടെ ഉറച്ച നിലപാടിനെതിരായി മോദി നിലപാടെടുത്തോ എന്ന് വ്യക്തമാക്കണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. പ്രധാനമന്ത്രി അത്തരത്തിൽ ഒരു ആവശ്യവും അമേരിക്കൻ പ്രസിഡന്‍റിന് മുന്നിൽ വച്ചിട്ടില്ലെന്നും ഇത്തരം പ്രസ്താവനകളെ നിരുപാധികം തള്ളുന്നുവെന്നും വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കർ ഇരു സഭകളിലും പറഞ്ഞെങ്കിലും കോൺഗ്രസ് വഴങ്ങിയില്ല. 

''ഷിംല കരാറിന്‍റെയും ലാഹോർ ഉടമ്പടിയുടെയും പശ്ചാത്തലത്തിൽ മാത്രമേ ചർച്ചയുള്ളൂ എന്ന നിലപാട് ആവർത്തിക്കുന്നു. മധ്യസ്ഥ ചർച്ചയ്ക്ക് ഒരു സഹായവും, അമേരിക്കൻ പ്രസിഡന്‍റിനോട് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഉഭയകക്ഷിപ്രകാരം മാത്രമേ പാടൂ. അതിൽ മൂന്നാമതൊരാൾക്ക് സ്ഥാനമില്ല'', ജയ്‍ശങ്കർ വ്യക്തമാക്കി. 

നിയന്ത്രണ രേഖയും വെടി നിർത്തൽ രേഖയും അടക്കം നിശ്ചയിക്കുന്ന വിപുലമായ ഒരു സമാധാനക്കരാറാണ് 1972 ലെ ഷിംല കരാർ. ഇതടക്കമുള്ള സമാധാന കരാർ രേഖകളനുസരിച്ച്, അതിർത്തിയിലെ തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രമേ ഇനി പാകിസ്ഥാനുമായി ചർച്ചയുള്ളൂ എന്നായിരുന്നു പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്.

കശ്‍മീര്‍ വിഷയത്തില്‍ ജി - 20 ഉച്ചകോടിയ്ക്കിടെ മോദി അമേരിക്കയുടെ മധ്യസ്ഥത തേടിയെന്നായിരുന്നു ട്രംപിന്‍റെ വിവാദ പ്രസ്താവന. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വൈറ്റ് ഹൗസിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ട്രംപിന്‍റെ പരാമർശം.

''രണ്ടാഴ്ച മുൻപ് ഞാൻ മോദിയെ കണ്ടിരുന്നു. അപ്പോൾ ഞങ്ങളീ വിഷയത്തെക്കുറിച്ച് (കശ്മീർ) സംസാരിച്ചു. അദ്ദേഹം യഥാർത്ഥത്തിൽ പറഞ്ഞതിങ്ങനെയാണ് ''ഇതിൽ മധ്യസ്ഥത വഹിക്കാൻ താങ്കൾക്ക് കഴിയുമോ?'', ഞാൻ ചോദിച്ചു, ''എവിടെ?'', അദ്ദേഹം പറഞ്ഞു, ''കശ്മീർ''.

വിവാദമായതോടെ ട്രംപിന്റെ പ്രസ്താവനയെ ഉടൻ പൂർണ്ണമായും തള്ളി ഇന്ത്യ രംഗത്തു വന്നു. വിഷയത്തിൽ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും അത്തരം ഒരു നിർദ്ദേശവും നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ കശ്മീരിൽ പ്രശ്ന പരിഹാരം ഉണ്ടാവൂ എന്ന ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios