ജയ്‌പൂർ: രാജസ്ഥാനിൽ എംഎൽഎമാരെ അയോഗ്യരാക്കുന്നത് ഈ മാസം 24 വരെ വിലക്കി ഹൈക്കോടതി ഉത്തരവ്. സ്പീക്കർ നൽകിയ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ സമർപ്പിച്ച ഹർജിയിൽ വിധി 24 ന് പുറപ്പെടുവിക്കും. വിധി വരുന്നത് വരെയാണ് സ്‌പീക്കറുടെ നടപടി തടഞ്ഞിരിക്കുന്നത്. സച്ചിൻ പൈലറ്റിന്‍റെയും മറ്റ് 18 വിമത കോൺഗ്രസ് എംഎൽഎമാരുടെയും ഹ‍ർജിയിലാണ് വിധി പറയുന്നത്.

ഇതിനിടെ സച്ചിൻ പൈലറ്റിനെതിരെ അശോക് ഗലോട്ട് നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചു. സുന്ദരമായ മുഖമാണ്. നന്നായി ഇംഗ്ലീഷ് പറഞ്ഞ് മാധ്യമങ്ങളെ സ്വാധീനിക്കും. ഒരു സംഭാവനയുമില്ലെന്ന് രാജസ്ഥാനിലെ ജനങ്ങൾക്കറിയാം എന്നുമായിരുന്നു ഗെലോട്ടിന്റെ പ്രസ്താവന. അട്ടിമറി നീക്കത്തെ പാർട്ടിയിലെ തർക്കമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന സച്ചിന് ഗലോട്ട് അനാവശ്യ ആയുധം നല്കിയെന്നാണ് വിലയിരുത്തൽ. തർക്കത്തിൽ തന്നെ വലിച്ചിഴച്ചത് എന്തിനെന്ന് ജമ്മുകശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ള ചോദിച്ചു. സച്ചിൻപൈലറ്റിനെ ഒപ്പം നിറുത്താനാണ് കേന്ദ്രം ഭാര്യാസഹോദരനായ ഒമർ അബ്ദുള്ളയെ മോചിപ്പിച്ചതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആരോപിച്ചിരുന്നു. 

അയോഗ്യരാക്കാതിരിക്കാന കാരണം കാണിക്കാൻ സ്പീക്കർ നല്കിയ നോട്ടീസിന് നിയമസാധുതയുണ്ടോ എന്ന് ഹൈക്കോടതി വെള്ളിയാഴ്ച പറയും. സച്ചിൻ പൈലറ്റ് ക്യാംപിന് അനുകൂലമാണ് വിധിയെങ്കിൽ കൂടുതൽ എംഎൽഎമാർ മറുകണ്ടം ചാടും. സ്പീക്കറുടെ തീരുമാനം ശരിവച്ചാൽ ഭൂരിപക്ഷം തെളിയിക്കാൻ അശോക് ഗലോട്ടിന് വഴിയൊരുങ്ങും. നോട്ടീസിനോട് പ്രതികരിക്കാൻ മൂന്നു ദിവസം സമയം മാത്രം എംഎൽഎമാർക്ക് നല്കിയത് സ്പീക്കർ മുൻവിധിയോടെ പെരുമാറുന്നു എന്നതിൻറെ സൂചനയാണെന്ന് മുകുൾ റോത്തഗി ഇന്ന് വാദിച്ചു.