Asianet News MalayalamAsianet News Malayalam

രാജസ്ഥാനില്‍ ഒത്തുതീര്‍പ്പ്; സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി

രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിന് ഇന്ന് ഒരു മാസം തികയവെയാണ് സച്ചിന്‍ പൈലറ്റിന്‍റെ കോണ്‍ഗ്രസിലേക്കുള്ള മടക്കം. ജൂലൈ പത്തിന് സച്ചിൻ പൈലറ്റ് പത്തൊമ്പത് എംഎൽഎമാരുമായി ഹരിയാനയിലേക്ക് തിരിച്ചതു മുതൽ സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുകയായിരുന്നു. 

Sachin Pilot back to congress after meeting rahul gandhi
Author
Jaipur, First Published Aug 10, 2020, 8:15 PM IST

ജയ്‍പൂര്‍: ഒരു മാസത്തെ രാഷ്ട്രീയ നാടകത്തിനൊടുവിൽ രാജസ്ഥാനിൽ ഒത്തുതീർപ്പ്. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സച്ചിൻ പൈലറ്റ് കോൺഗ്രസിൽ തിരിച്ചെത്തി. സച്ചിൻ പൈലറ്റ് ഉന്നയിച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ മൂന്നംഗ സമിതി നിയോഗിച്ചു. തന്‍റെ നിലപാട് ഒടുവിൽ അംഗീകരിച്ചു എന്നാണ് സച്ചിൻ പൈലറ്റിന്‍റെ പ്രതികരണം. രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിന് ഇന്ന് ഒരു മാസം തികയവെയാണ് സച്ചിന്‍ പൈലറ്റിന്‍റെ മടങ്ങിവരവ്. ജൂലൈ പത്തിന് സച്ചിൻ പൈലറ്റ് 19 എംഎൽഎമാരുമായി ഹരിയാനയിലേക്ക് തിരിച്ചത് മുതൽ കലങ്ങി മറിയുന്ന സംസ്ഥാന രാഷ്ട്രീയത്തിൽ ഒടുവിൽ അപ്രതീക്ഷിതമല്ലാത്ത തീർപ്പാണ് ഉണ്ടായിരിക്കുന്നത്.

പതിനാലിന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ 102 പേരുടെ പിന്തുണ അശോക് ഗലോട്ട് ഉറപ്പിച്ചു കഴിഞ്ഞു. ബിജെപിക്ക് സ‍ർക്കാരിനെ മറിച്ചിടാനാകുമെന്ന പ്രതീക്ഷയില്ല. മാത്രമല്ല വസുന്ധര രാജെ നിലപാട് കടുപ്പിക്കുമ്പോൾ സ്വന്തം ക്യാംപിലെ എംഎൽഎമാരെ ബിജെപി ഗുജറാത്തിലേക്ക് മാറ്റുകയാണ്. ഈ സാഹചര്യത്തിലാണ് സച്ചിൻ പൈലറ്റ് ഒത്തുതീർപ്പിന് തയ്യാറാകുന്നത്. രാഹുൽഗാന്ധിയെ കണ്ട സച്ചിൻ പൈലറ്റ് എന്നാൽ തന്‍റെ പരാതികൾ തുറന്ന് പറഞ്ഞു. അശോക് ഗലോട്ടിന്‍റെ ശൈലി മാറ്റിയേ മതിയാകു. തന്‍റെ ഒപ്പമുള്ളവർക്ക് അർഹമായ സ്ഥാനങ്ങൾ നല്‍കണം. തനിക്കെതിരെ പൊലീസിനെ ഉപയോഗിച്ചത് പാർട്ടി ഗൗരവമായി ചർച്ച ചെയ്യണം. സച്ചിന് മുഖം രക്ഷിക്കാനുള്ള നടപടി എന്ന നിലയ്ക്ക് മൂന്നംഗ സമിതി രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറായി.

ആദ്യം അശോക് ഗലോട്ട് എതിർത്തു. എന്നാൽ സോണിയ ഗാന്ധിയും കെസി വേണുഗോപാലും ഗലോട്ടുമായി സംസാരിച്ച് തീരുമാനത്തിലെത്തി. 
വൈകിട്ടോടെ ഒത്തു തീർപ്പ് കോൺഗ്രസ് പ്രസ്താവനയിലൂടെ അറിയിച്ചു. തന്‍റെ നിലപാടിനുള്ള അംഗീകാരം എന്നാണ് സച്ചിൻ ഒരു മാധ്യമത്തോട് പറഞ്ഞത്. എന്നാൽ ഏറെ ക്ഷീണിതനായാണ് സച്ചിൻ മടങ്ങുന്നത്. ജ്യോതിരാദിത്യ സിന്ധ്യക്കു ശേഷം സച്ചിൻ പൈലറ്റ് കൂടി പോകുന്ന സാഹചര്യം ഒഴിവാക്കുക എന്നതിലേക്ക് കോൺഗ്രസ് എത്തി. മാത്രമല്ല രാജസ്ഥാനിൽ സർക്കാർ വീണാൽ ചത്തീസ്ഗഢിനെയും അത് സ്വാധീനിക്കുമെന്ന് കോൺഗ്രസ് വിലയിരുത്തി. തിരിച്ചടികൾക്കിടെ ഈ ഒത്തുതീർപ്പ് കോൺഗ്രസിന് താല്‍ക്കാലിക ആശ്വാസമാകുന്നു. രാജസ്ഥാനിലെ പ്രശ്‍നങ്ങള്‍ പാർട്ടിയെ സംഘടനാപരമായി തളർത്തുന്നു എന്ന വിലയിരുത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നത്. 

Follow Us:
Download App:
  • android
  • ios