ജയ്പൂർ: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ, ബിജെപിയെ പിന്തുണയ്ക്കാൻ പണം വാദ്​ഗാനം ചെയ്തു എന്ന കോൺ​ഗ്രസ് എംഎൽ‌എയുടെ ആരോപണം നിഷേധിച്ച് മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. താൻ പണം വാ​ഗ്ദാനം ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇത്തരം ആരോപണങ്ങൾ വേദനിപ്പിച്ചു. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ആരോപണങ്ങൾക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും സച്ചിൻ പൈലറ്റ് പ്രതികരിച്ചു. 

കോൺ​ഗ്രസ് എംഎൽഎയായ ഗിരിരാജ് സിം​ഗ് മലിംഗയാണ് സച്ചിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ബിജെപിയിൽ ചേരാൻ സച്ചിൻ പണം വാഗ്ദാനം ചെയ്തെന്നാണ് മലിം​ഗ ആരോപിച്ചത്. ഈ വാഗ്ദാനം താൻ നിരസിച്ചു. സച്ചിൻ പൈലറ്റ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതിനെക്കുറിച്ച് അന്ന് തന്നെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അറിയിച്ചിരുന്നുവെന്നും മലിംഗ പറഞ്ഞിരുന്നു.

Read Also:'കോടതി ഇടപെടരുത്', വിമതരുടെ അയോഗ്യതയിൽ അധികാരം തനിക്കെന്ന് രാജസ്ഥാൻ സ്പീക്കർ...

കോൺ​ഗ്രസിനെ സച്ചിൻ പൈലറ്റ് പിന്നിൽ നിന്ന് കുത്തിയെന്നാണ് മുഖ്യമന്ത്രി അശോക് ​ഗെലോട്ട് വിമർശിച്ചത്. സർക്കാരിനെ താഴെ ഇറക്കാൻ കഴിഞ്ഞ ആറ് മാസമായി സച്ചിൻ പൈലറ്റ് ബിജെപിക്കൊപ്പം ഗൂഢാലോചന നടത്തുകയായിരുന്നു. ഗൂഢാലോചന നടക്കുന്ന കാര്യം താൻ നിരന്തരം പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ, അക്കാര്യം ആരും വിശ്വസിച്ചില്ല. നിഷ്‌കളങ്ക മുഖവുമായി നടക്കുന്ന വ്യക്തി ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് ആരും കരുതിയില്ലെന്നും ഗെലോട്ട് പറഞ്ഞു. 

അതിനിടെ, സച്ചിൻ പൈലറ്റ് റിബൽ നിലപാട് സ്വീകരിച്ചത് പണത്തിനു വേണ്ടി മാത്രമാണെന്ന അഭിപ്രായവുമായി ശിവസേന രം​ഗത്തെത്തിയിരുന്നു. പാർട്ടി മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് രാജസ്ഥാനിലെ പ്രതിസന്ധിയെക്കുറിച്ചുള്ള പരാമർശം.

Read Also: അധികാരത്തിലേറിയ സര്‍ക്കാരിനെ പണമുപയോഗിച്ച്  താഴെയിറക്കാന്‍ ശ്രമിക്കുന്നത് വിശ്വാസ വഞ്ചന: ശിവസേന...