ജയ്‍പൂർ: രാജസ്ഥാൻ സ്പീക്കർക്കെതിരെ മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റിന്‍റെയും മറ്റ് 18 വിമത കോൺഗ്രസ് എംഎൽഎമാരുടെയും ഹ‍ർജിയിൽ ഉടൻ നടപടിയെടുക്കാൻ കോടതിയ്ക്ക് അധികാരമില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതിയിൽ സ്പീക്കർക്ക് വേണ്ടി ഹാജരായ മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ മനു അഭിഷേക് സിംഗ്‍വി. ''സ്പീക്കർക്ക് എതിരെ നിലവിൽ ഒരു സാഹചര്യത്തിലും ഹ‍ർജി നൽകാൻ എംഎൽഎമാർക്ക് അവകാശമില്ല. എംഎൽഎമാർക്ക് എതിരെ നിലവിൽ സ്പീക്കർ ഒരു തീരുമാനവുമെടുത്തിട്ടില്ല. മാത്രമല്ല, സ്പീക്കറോ നിയമസഭയോ കോടതിയുടെ അധികാരപരിധിയിൽ വരുന്നതുമല്ല. സഭയുടെ പരമാധികാരി സ്പീക്കറാണ്'', എന്ന് സിംഗ്‍വി വാദിച്ചു. 

വിപ്പ് ലംഘിച്ചതിന് സച്ചിൻ പൈലറ്റ് അടക്കം 19 എംഎൽഎമാർക്ക് രാജസ്ഥാൻ സ്പീക്കർ സി പി ജോഷി വിശദീകരണം തേടി നോട്ടീസയച്ചിരുന്നു. തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ അയോഗ്യരാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

രണ്ട് തവണ കോൺഗ്രസ് വിളിച്ച് ചേർത്ത നിയമസഭാകക്ഷി യോഗത്തിലും സച്ചിൻ പൈലറ്റും രണ്ട് മന്ത്രിമാരും ഉൾപ്പടെ 19 എംഎൽഎമാർ പങ്കെടുത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ ഇവർക്ക് നോട്ടീസയച്ചത്. എന്നാൽ നിയമസഭാസമ്മേളനം ഇല്ലാത്ത സമയത്ത് ഇത്തരമൊരു നോട്ടീസ് അയക്കാൻ സ്പീക്കർക്ക് അധികാരമില്ല എന്നാണ് വിമത എംഎൽഎമാർ വാദിച്ചത്. ഒപ്പം ഒരു പാർട്ടിയിൽ നിന്ന് രാജിവച്ച തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി നിലനിൽക്കില്ലെന്നും എംഎൽഎമാർ വാദിച്ചു. 

''അന്യായമായി മറുകണ്ടം ചാടുകയെന്നത് രാഷ്ട്രീയപരമായ പാപമാണ്, ഇത് രാഷ്ട്രീയധാർമികതയ്ക്ക് എതിരുമാണ്'', എന്ന് മനു അഭിഷേക് സിംഗ്‍വി വാദിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ, ചൊവ്വാഴ്ച വരെ വിമത എംഎൽഎമാർക്ക് എതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് കോൺഗ്രസ് കോടതിയിൽ സമ്മതിച്ചിരുന്നതാണ്. രാജസ്ഥാൻ നിയമസഭ വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. ശനിയാഴ്ച ഗവർണർ കൽരാജ് മിശ്രയുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് ദീർഘമായ കൂടിക്കാഴ്ച നടത്തിയിരുന്നു. 

സർക്കാരിന്‍റെ ഭാവിയെന്ത്?

പൈലറ്റിന്‍റെ ടീമിനെ അയോഗ്യരാക്കിയാൽ ഗെലോട്ട് സർക്കാരിന് വേണ്ട കേവലഭൂരിപക്ഷത്തിന്‍റെ എണ്ണം കുറയ്ക്കാനാകും. നിലവിൽ മുഖ്യമന്ത്രിയ്ക്ക് 102 എംഎൽഎമാരുടെ പിന്തുണ മാത്രമേയുള്ളൂ. 200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 101 പേരാണ്. കഷ്ടിച്ച് പിന്തുണ ഉറപ്പിച്ച ഗെലോട്ട് സർക്കാർ നൂൽപ്പാലത്തിലൂടെയാണ് പോകുന്നത്. 19 എംഎൽഎമാരുടെ പിന്തുണയുള്ള സച്ചിൻ പൈലറ്റ് ടീമും, ബിജെപിയുടെ 72 എംഎൽഎമാരും ചേർന്നാൽ, സർക്കാരിന് കടുത്ത വെല്ലുവിളിയുയർത്താനാകും. സ്വതന്ത്രരെയും ചെറുപാർട്ടികളെയും ചേർത്താണ് അശോക് ഗെലോട്ട് പിന്തുണ ഉറപ്പിച്ച് നിർത്തിയിരിക്കുന്നത്.

കോടതിയിൽ വാദം തുടരുകയാണ്. ഇന്ന് തന്നെ വാദം പൂർത്തിയായേക്കും. അങ്ങനെയെങ്കിൽ വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് കേസ് മറ്റിവെച്ചേക്കാം. ഇതിനിടെ, കാരണം കാണിക്കൽ നോട്ടീസിന് വിമത എം.എൽ.എമാര്‍ മറുപടി നൽകണമെന്ന് അതിനിടെ സ്പീക്കര്‍ ആവശ്യപ്പെട്ടു. കോടതി നടപടികൾ അതിന് തടസ്സമല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. സര്‍ക്കാരിനെ മറിച്ചിടാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിനാണ് കേന്ദ്ര മന്ത്രി ഗെജേന്ദ്ര ശെഖാവതിന് പൊലീസ് നോട്ടീസ് നൽകി. വാട്‍സാപ്പ് വഴിയാണ് നോട്ടീസയച്ചത്. എന്നാൽ എംഎൽഎമാരുമായി സംസാരിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുന്നതായി പുറത്തുവന്ന ശബ്ദരേഖ തന്‍റേതാണോ എന്ന് ആദ്യം കണ്ടെത്തണമെന്ന് ഗെജേന്ദ്ര ശെഖാവത് ആവശ്യപ്പെട്ടു.