Asianet News MalayalamAsianet News Malayalam

ചെളിവാരി എറിയാനില്ല, ഗെലോട്ട് ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തിന് ശ്രമിക്കൂവെന്നും സച്ചിൻ പൈലറ്റ്

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കുന്നതിന് തൊട്ട് മുന്‍പാണ് രാജസ്ഥാനിൽ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്

Sachin Pilot reacts to Ashok Gehlot on Rajasthan congress crisis
Author
First Published Nov 24, 2022, 7:38 PM IST

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും കാർമേഘങ്ങൾ രൂപംകൊണ്ടിരിക്കെ, മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രബല നേതാവുമായ അശോക് ഗെലോട്ടിനെതിരെ സച്ചിൻ പൈലറ്റ് രംഗത്തെത്തി. അശോക് ഗെലോട്ടിനാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ചുമതലയെന്ന് ഓർമ്മിപ്പിച്ച സച്ചിൻ പൈലറ്റ്, അവിടെ തെരഞ്ഞെടുപ്പ് വിജയത്തിനായി ശ്രമിക്കുകയാണ് ഗെലോട്ട് ചെയ്യേണ്ടതെന്നും പറഞ്ഞു. ആർക്കെതിരെയും ചെളിവാരിയെറിയാനില്ല. തന്നെ ഉപദ്രവിക്കാൻ ആരാണ് ഉപദേശം നൽകുന്നതെന്ന് മനസിലാകുന്നില്ലെന്നും സച്ചിൻ പൈലറ്റ് പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കുന്നതിന് തൊട്ട് മുന്‍പാണ് രാജസ്ഥാനിൽ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഇക്കുറിയും മുഖ്യമന്ത്രി പദത്തെ ചൊല്ലിയാണ് പാർട്ടിക്കുള്ളിൽ ആഭ്യന്തര കലാപം. സര്‍ക്കാരിന്‍റെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രമാണ് ശേഷിക്കുന്നത്. ഹൈക്കമാന്‍ഡ് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ ആവശ്യം. ഡിസംബര്‍ വരെ കാക്കുമെന്നാണ് സച്ചിൻ പക്ഷത്തിന്റെ മുന്നറിയിപ്പ്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയും ശക്തമാണ്. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടുന്ന ഗുര്‍ജര്‍ വിഭാഗവും മുഖ്യമന്ത്രി പദത്തിനായി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍  ഭാരത് ജോഡോ യാത്ര തടയുമെന്നാണ് മുന്നറിയിപ്പ്.

ബിജെപിയുമായി ചേര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണമുയര്‍ത്തിയാണ് സച്ചിന്‍ പൈലറ്റിന്‍റെ വഴിയടക്കാനുളള ഗലോട്ടിന്‍റെ ശ്രമം. മുഖ്യമന്ത്രിയാക്കാമെന്ന് സച്ചിന് ആരും വാക്ക് കൊടുത്തിട്ടില്ലെന്നും ഗലോട്ട് അവകാശപ്പെട്ടു. അതേസമയം ഭൂരിപക്ഷം എംഎല്‍എമാരുടെ  പിന്തുണ അശോക് ഗലോട്ടിനുള്ളപ്പോള്‍ പ്രശ്നപരിഹാരം എഐസിസിക്ക് കീറാമുട്ടിയാണ്. അംഗബലമില്ലാത്ത സച്ചിന്‍ പൈലറ്റ് ഉയര്‍ത്തുന്ന  ഭീഷണിയെ ഗൗരവമായി കാണേണ്ടെന്ന സന്ദേശമാണ് ഗലോട്ട്  നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.  

Follow Us:
Download App:
  • android
  • ios