Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസില്‍ കലഹം; മകന്‍റെ തോല്‍വിയില്‍ സച്ചിന്‍ പൈലറ്റ് ഉത്തരവാദിത്തമേല്‍ക്കണമെന്ന് അശോക് ഗെഹ്ലോട്ട്

മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ട് ജോധ്പൂര്‍ മണ്ഡലത്തില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. നാല് ലക്ഷം വോട്ടിനാണ് കേന്ദ്രമന്ത്രിയായിരുന്ന ഗജേന്ദ്ര സിങ് ശെഖാവത്തിനോട് വൈഭവ് തോറ്റത്. 

sachin pilot take responsibility for son's defeat- Ashok gehlot
Author
Jaipur, First Published Jun 4, 2019, 10:21 AM IST

ദില്ലി: തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മകന്‍ വൈഭവ് ഗെഹ്ലോട്ടിന്‍റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് സചിന്‍ പൈലറ്റ് ഉത്തരവാദിത്തമേറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തുവന്നു. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായ ജോധ്പൂരിലാണ് വൈഭവ് ഗെഹ്ലോട്ട് ഇക്കുറി തോറ്റത്. അഞ്ച് തവണ അശോക് ഗെഹ്ലോട്ട് എംപിയായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ജോധ്പൂര്‍.

കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലത്തില്‍ തോറ്റതില്‍ പിസിസി അധ്യക്ഷനെന്ന നിലയില്‍ സചിന്‍ പൈലറ്റ് ഉത്തരവാദിത്തമേറ്റെടുക്കണമെന്ന്  ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് വലിയ പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍. ജോധ്പൂരില്‍ വലിയ മാര്‍ജിനില്‍ വിജയിക്കാനാകുമെന്നാണ് സചിന്‍ പൈലറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പക്ഷേ ഫലം വന്നപ്പോള്‍ തോറ്റു. തോല്‍വിയില്‍ എനിക്കാണ് ഉത്തരവാദിത്തമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍, പിസിസി അധ്യക്ഷനെന്ന നിലയില്‍ സചിന്‍ പൈലറ്റിനും തോല്‍വിയുടെ ഉത്തരവാദിത്തമുണ്ടെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി. അതേസമയം‍, ഗെഹ്ലോട്ടിന്‍റെ പ്രസ്താവനയില്‍ സചിന്‍ പൈലറ്റ് പ്രതികരിച്ചിട്ടില്ല. 

രാജസ്ഥാനില്‍ അധികാരത്തിലേറി ആറുമാസം പിന്നിടും മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ 25 സീറ്റിലും കോണ്‍ഗ്രസിന് വിജയിക്കാനായില്ല. 
വൈഭവിന്‍റെ തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ അശോക് ഗെഹ്ലോട്ടിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ചിലര്‍ മക്കളുടെ വിജയത്തിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് രാഹുല്‍ ഗാന്ധിയും കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ട് ജോധ്പൂര്‍ മണ്ഡലത്തില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. നാല് ലക്ഷം വോട്ടിനാണ് കേന്ദ്രമന്ത്രിയായിരുന്ന ഗജേന്ദ്ര സിങ് ശെഖാവത്തിനോട് വൈഭവ് തോറ്റത്. 

Follow Us:
Download App:
  • android
  • ios