ടൈഗർ ഷറോഫിനു നേരെ ഉണ്ടായ വെടിവെപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്.
മുംബൈ: ടൈഗർ ഷറോഫിനു നേരെ ഉണ്ടായ വെടിവെപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഷൂട്ടർമാർ ആദ്യം ലക്ഷ്യമിട്ടിരുന്നത് ബോളിവുഡ് താരം സൽമാൻ ഖാനെയാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. എന്നാൽ സൽമാൻ ഖാന്റെ കനത്ത സുരക്ഷാ സന്നാഹങ്ങൾ കാരണം പ്രതികൾ പദ്ധതി മാറ്റി ടൈഗർ ഷറോഫിനെ ലക്ഷ്യമിടുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് മുംബൈ ജൂഹുവിൽ വെച്ചാണ് ടൈഗർ ഷറോഫിന് നേരെ ആക്രമണം ഉണ്ടായത്. പിന്നാലെ ആക്രമണത്തിന് ഉത്തരവാദിത്വം ലോറൻസ് ബിഷ്നോയി സംഘം ഏറ്റെടുത്തിരുന്നു. എന്നാൽ സംഘം ലക്ഷ്യമിട്ടിരുന്നത് ടൈഗറിനെ അല്ല സൽമാൻ ഖാനെ ആയിരുന്നെന്നും, സൽമാൻ ഖാന്റെ കൂടെയുള്ള സുരക്ഷ സന്നാഹങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പദ്ധതി മാറ്റി കുറവ് സുരക്ഷയുള്ള ടൈഗർ ഷറോഫിനെ ലക്ഷ്യമിടുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരം.
ഇതോടെ സംഭവത്തിൽ, യു.എസിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയുടെ കൂട്ടാളി രൺദീപ് മാലിക്കിന്റെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അനിൽ പണ്ഡിറ്റും ഷൂട്ടർ റഹാനും രൺദീപ് മാലിക്കിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. പുറത്തുവന്ന സ്ക്രീൻഷോട്ടുകളിൽ രൺദീപ് മാലിക്കിന്റെയും അൻമോൽ ബിഷ്ണോയിയുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട നാല് പേർ കൂടി ഇന്നലെ രാത്രി ദില്ലി പോലീസിന്റെ പിടിയിലായി. രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള നാല് പേരെ ദില്ലി പോലീസ് സ്പെഷ്യൽ സെൽ ആണ് പിടികൂടിയത്. പ്രതികൾക്ക് ആവശ്യമായ ആയുധങ്ങൾ എത്തിച്ച് നൽകിയ കുനാൽ, സുമിത്, രാധ, ബബിത എന്നിവരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ദില്ലി പോലീസിൽ നിന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ മുംബൈ പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.


