ലക്നൗ: പൊലീസ് കണ്ടുപിടിക്കാതിരിക്കാന്‍ മുഖം മുഴുവന്‍ പൂകൊണ്ടുമൂടി, തൊപ്പിയും വച്ച് വരന്‍റെ വേഷത്തിലിറങ്ങി സമാജ്‍വാദി പാര്‍ട്ടി നേതാവ് ഫിറോസ് ഖാന്‍. റാംപൂരില്‍ പൊലീസ് കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫിറോസ് ഖാന്‍ 'വേഷംകെട്ടി' ഇറങ്ങിയത്. നിരവധി കേസുകളില്‍ പ്രതിയായ എംപി ആസം ഖാനെ കാണാന്‍ പോകുകയായിരുന്നു അദ്ദേഹം. സമ്ഭാലില്‍നിന്നുള്ള എസ് പി നേതാവാണ് ഫിറോസ് ഖാന്‍. 

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു പൊലീസ്. ഭൂമിഇടപാടുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയാണ് ആസം ഖാന്‍. അദ്ദേഹം 2006 ല്‍ നിര്‍മ്മിച്ച മുഹമ്മദ് അലി ജൗഹര്‍ യൂണിവേഴ്സിറ്റിയുടെ ഗേറ്റ്  സര്‍ക്കാര്‍ ഭൂമിയിലാണെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. 

80ഓളം കേസുകളാണ് ആസംഖാനെതിരെ റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ ആസംഖാനെ ലക്ഷ്യം വച്ചിരിക്കുകയാണ്. പോത്തിനെയും ആടിനെയും കടത്തിയെന്നെല്ലാമുള്ള കേസുകള്‍  കെട്ടിച്ചമച്ചതാണെന്നും ആസം ഖാനെ സന്ദര്‍ശിച്ച അഖിലേഷ് യാദവ് പറഞ്ഞു. ആസം ഖാനും സുന്നി ഷിയ വഖഫ് ബോര്‍ഡുകളിലെ ചെയര്‍മാന്‍മാരടക്കം മറ്റ് ഏഴുപേര്‍ക്കുമെതിരെയാണ് കേസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

റാംപൂര്‍ പബ്ലിക് ഗേറ്റ് സ്വദേശിയായ 50കാരിയായ നസീമ ഖട്ടൂന്‍ നല്‍കിയ പരാതിയിലാണ് നടപടി. ആസം ഖാനും മറ്റ് ഏഴുപേരും പരിചയമില്ലാത്ത 25 പേരും 2016 ഒക്ടോബര്‍ 15ന്  തന്‍റെ വീട്ടിലേക്ക് വരികയും വീട് കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് പരാതി. സ്വര്‍ണ്ണം, മൂന്ന് പോത്തുകള്‍, പശു, നാല് ആടുകള്‍ എന്നിവയാണ് മോഷ്ടിച്ചതെന്നും പരാതിയില്‍ പറയുന്നു. 

റെജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ 50 എണ്ണം ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ്. ബാക്കി 28 എണ്ണം ആലിയഗഞ്ചിലെ കര്‍ഷകര്‍ നല്‍കിയ പരാതിയില്‍ റെജിസ്റ്റര്‍ ചെയ്ത കേസുകളാണ്. 

ആസം ഖാന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. റാംപൂര്‍ എംപിയായ ഖാനെതിരെ അറസ്റ്റുവാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കിയെന്ന പേരില്‍ 2010 ല്‍ എടുത്ത കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാലാണ് നടപടി. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ജയപ്രദയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനും ആസം ഖാനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.