ഔറം​ഗാബാദ്: ബോളിവുഡ് നടൻ അക്ഷയ് കുമാറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മറാത്ത സംഘടന. സമുദായ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് താരത്തിനെതിരെ  മറാത്ത സംഘടനയായ സംബാജി ബ്രിഗേഡ് പരാതിയുമായി രം​ഗത്തെത്തിയത്. മറാത്ത യോദ്ധാക്കളെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരസ്യത്തിൽ അഭിനയിച്ചെന്നും അതിനാൽ അക്ഷയ് കുമാറിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ നന്തഡ് ജില്ലാ കളക്ടർക്കും വസിരാബാദ് പൊലീസിനും സംബാജി ബ്രിഗേഡ് കത്തയച്ചു.

അക്ഷയ് കുമാർ അഭിനയിച്ച വാഷിങ് പൗഡറിന്റെ പരസ്യമാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്. മറാത്ത രാജാവിന്റെ വേഷത്തിലാണ് പരസ്യത്തിൽ താരം അഭിനയിക്കുന്നത്. യുദ്ധം കഴിഞ്ഞ് എത്തിയ രാജാവും പടയാളികളും അവരവരുടെ വസ്ത്രം സ്വയം കഴുകുന്നതാണ് പരസ്യം. 'രാജാവിന്റെ സൈന്യത്തിന് ശത്രുക്കളെ ഒതുക്കാനും വസ്ത്രങ്ങൾ കഴുകാനും അറിയാം' എന്ന് അക്ഷയ് പറയുന്നതോടെയാണ് പരസ്യം അവസാനിക്കുന്നത്.

സംബാജി ബ്രിഗേഡിന്റെ കത്ത് വ്യാഴാഴ്ച ലഭിച്ചതായി വിസിരാബാദ് പൊലീസ് സ്റ്റേഷൻ ഓഫീസർ എസ്എസ് ശിവാലെ പറഞ്ഞു. നടൻ അക്ഷയ് കുമാറിനെതിരെ കേസെടുക്കണമെന്ന് കാണിച്ച് സംഘടന നൽകിയ കത്ത് എസ് പി ഓഫീസിൽ കൈമാറിയതായും ശിവാലെ കൂട്ടിച്ചേർത്തു. അക്ഷയ് കുമാറിനും നിർമ്മാ വാഷിങ് പൗഡറിനുമെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. നിർമ്മാ വാഷിങ് പൗഡർ ബഹിഷ്കരിക്കണമെന്ന് ട്വിറ്ററിലൂടെ മറാത്ത സംഘടനകൾ ആഹ്വാനം ചെയ്തു. #BoycottNirma എന്ന ഹാഷ് ടാ​ഗ് ട്വിറ്ററിൽ ട്രെഡിങ്ങ് ആകുകയാണ്.