'കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്. കുടുംബത്തില്‍ നിന്ന് ഭീഷണിയുണ്ട്.' 

കോഡെര്‍മ: ജാര്‍ഖണ്ഡില്‍ ക്ഷേത്രത്തില്‍ നിന്ന് വിവാഹിതരായെന്ന് സ്വവര്‍ഗ ദമ്പതികള്‍. കോഡെര്‍മ ജില്ലയിലാണ് സംഭവം. 24ഉം 20ഉം വയസ്സുള്ള യുവതികളാണ് നവംബര്‍ എട്ടിന് വിവാഹിതരായത്. വിവാഹം ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഇരുവരും അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരും ബന്ധുക്കളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്. ബന്ധുക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഇരുവരും ദില്ലിയിലേക്ക് മാറിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ വീടിന് ആറ് കിലോമീറ്റര്‍ സമീപം വീട് വാടകക്കെടുത്തു. ഇവര്‍ എത്തിയതറിഞ്ഞ ബന്ധുക്കള്‍ സ്ഥലത്തെത്തി പ്രശ്‌നമുണ്ടാക്കിയെങ്കിലും പൊലീസ് സ്ഥലത്തെത്തി. ഇരുവരും പ്രായപൂര്‍ത്തിയായതിനാല്‍ മറ്റാര്‍ക്കും ഇടപെടാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം അറിഞ്ഞ് മാധ്യമങ്ങള്‍ എത്തിയതോടെ ഇവര്‍ താമസം മാറിയിരുന്നു.

'കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്. കുടുംബത്തില്‍ നിന്ന് ഭീഷണിയുണ്ട്. പക്ഷേ ഞങ്ങള്‍ കാര്യമാക്കുന്നില്ല. ക്ഷേത്രത്തില്‍ നിന്ന് ഞങ്ങള്‍ വിവാഹിതരായി. വിവാഹം നിയമപരമാക്കാന്‍ ഉടന്‍ കോടതിയെ സമീപിക്കും'-ഇരുവരും ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 24കാരി ബിരുദധാരിയാണ്. 20കാരി ഷോപ്പിംഗ് മാളില്‍ ജോലി ചെയ്യുകയായിരുന്നു. 

സ്വവര്‍ഗ ബന്ധത്തിനെതിരെയാണ് നിലപാടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗ പ്രണയം ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.