Asianet News MalayalamAsianet News Malayalam

'എനിക്കെതിരെ ചാരപ്പണി നടത്തുന്നു'; മുംബൈ പൊലീസിനെതിരെ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡേ

ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻഖാൻ പ്രതിയായ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ.

sameer vankade raises allegations against Mumbai police accuses spying
Author
Mumbai, First Published Oct 12, 2021, 12:34 PM IST

മുംബൈ: മുംബൈ പൊലീസിനെതിരെ (Mumbai Police) ഗുരുതര ആരോപണങ്ങളുമായി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡേ (Sameer Vankade). തനിക്കെതിരെ മുംബൈ പൊലീസ് ചാരപ്പണി നടത്തുന്നതായി അദ്ദേഹം മഹാരാഷ്ട്രാ ഡിജിപിക്ക് പരാതി നൽകി. തന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് പരാതിയിൽ പറയുന്നു. ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻഖാൻ പ്രതിയായ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈ പൊലീസ് തനിക്ക് പുറകെയാണെന്നാണ് സമീർ വാങ്കഡേയുടെ പരാതി. അമ്മയുടെ ശവകുടീരത്തിൽ പ്രാർഥിക്കാനായി പോവുമ്പോൾ ഒഷിവാര സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാർ പിന്തുടരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പരാതി. എൻസിബി ഡെപ്യൂട്ടി ഡി ജി അശോക് ജെയ്നൊപ്പമാണ് ഡിജിപിക്ക് മുന്നിൽ സമീർ പരാതി നൽകാനെത്തിയത്. തന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. 

ഔദ്യോഗികമായൊരു പ്രതികരണത്തിന് സമീർ വാങ്കഡേ ഇതുവരെ തയ്യാറായിട്ടില്ല. ആര്യൻഖാനടക്കം പ്രതിയായ ലഹരി മരുന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് ഉന്നയിച്ചിരുന്നു. മുംബൈ പൊലീസോ സർക്കാർ നിയോഗിക്കുന്ന പ്രത്യേക കമ്മീഷനോ കേസിൽ സമാന്തര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതാണ്. നാർകോടിക്സ് ബ്യൂറോയ്ക്കെതിരായ എൻസിപി നിലപാടിനൊപ്പമാണ് കോൺഗ്രസും ശിവസേനയും. ഈ വിവാദത്തിനിടൊണ് സമീർ വാങ്കഡേയുടെ ഈ പരാതി. 

Follow Us:
Download App:
  • android
  • ios