ക്രമസമാധന പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് കർഷക സംഘടനകളോട് ജില്ലാ മജിസ്ടേറ്റ് നിർദേശിച്ചു. സുരക്ഷ കണക്കിലെടുത്ത് 80 കമ്പനി പൊലീസിനെ കർണാലിന്‍റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു
കർണാൽ: കർണാലിലെ പൊലീസ് നടപടിയ്ക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് മഹാ പഞ്ചായത്ത് ചേരും. കർണ്ണാൽ മിനി സെക്രട്ടറിയേറ്റിന് സമീപമാണ് മഹാ പഞ്ചായത്ത് ചേരുക. കർഷകരുടെ തല തല്ലിപൊളിക്കാൻ നിർദേശം നൽകിയെന്ന് ആരോപണം ഉയരുന്ന എസ് ഡി എമ്മിന് എതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എസ് ഡി എമ്മിനെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് സർക്കാർ വിശദീകരണം.
മരിച്ച കർഷകനും പൊലിസ് ലാത്തി ചാർജിൽ പരിക്കേറ്റ കർഷകർക്കും സഹായ ധനം നൽകണമെന്ന ആവശ്യം കർഷകർ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി ഇന്ന് മഹാ പഞ്ചായത്ത് ചേരുന്നത്. മഹാ പഞ്ചായത്തിന് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചിട്ടുണ്ട്.
കൂടാതെ കർണാലടക്കം ആറ് ജില്ലകളിൽ ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.. ഇന്നലെ വൈകുന്നേരം കർഷക സംഘടനകളും ജില്ല ഭരണകൂടവും ചർച്ച നടത്തിയിരുന്നുവെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. തുടർന്ന് മഹാ പഞ്ചായത്തുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. ക്രമസമാധന പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് കർഷക സംഘടനകളോട് ജില്ലാ മജിസ്ടേറ്റ് നിർദേശിച്ചു. സുരക്ഷ കണക്കിലെടുത്ത് 80 കമ്പനി പൊലീസിനെ കർണാലിന്‍റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. കേന്ദ്ര സേനയെയും സുരക്ഷാ ഒരുക്കാനായി നഗരത്തിന്റെ പലയിടങ്ങളിലും എത്തിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
