മുംബൈ: ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേനയോ ഉദ്ധവ് താക്കറെയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് സാമ്നയുടെ എക്സിക്യൂട്ടിവ് എഡിറ്റര്‍ സഞ്ജയ് റൗത്ത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ അത് ശിവസേനയുടേതോ ഉദ്ധവ് താക്കറെയുടേതോ നിലപാട് അല്ലെന്നാണ് സഞ്ജയ് റൗത്ത് പറഞ്ഞത്. 

ഈസ്റ്റര്‍ ദിനത്തില്‍ 250 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം നടന്നതിന് പിന്നാലെയാണ് ശ്രീലങ്ക മുഖം മറയ്ക്കുന്ന രീതിയിലുള്ള എല്ലാ വസ്ത്രങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. ഈ മാര്‍ഗം ഇന്ത്യയും പിന്തുടരണണമെന്നാണ് ശിവസേന മുഖപത്രത്തിലൂടെ ആവശ്യപ്പെട്ടത്. 

 എഡിറ്റോറിയല്‍ വിവാദമായതോടെ പാര്‍ട്ടിയുടെ നിലപാടിതല്ലെന്ന് ശിവസേനയുടെ മുതിര്‍ന്ന നേതാവ് എംഎല്‍എസി നീലം ഗോര്‍ഹ് വ്യക്തമാക്കിയിരുന്നു.ഇതൊരു വ്യക്തിയുടെ അഭിപ്രായമായിരിക്കാം,  ശിവസേനയുടെ നിലപാടല്ലെന്നായിരുന്നു നീലം ഗോര്‍ഹ് പറഞ്ഞത്.

സാമ്നയിലെ മുഖപ്രസംഗത്തിനെതിരെ മുംബ്രയില്‍ നൂറ് കണക്കിന് മുസ്ലീം സ്ത്രീകള്‍ പ്രതിഷേധം നടത്തിയിരുന്നു. 
ഭരണഘടനയേയും രാജ്യത്തെയും സംരക്ഷിക്കുകയെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡ് പിടിച്ച സ്ത്രീകള്‍ റൗത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബുര്‍ഖ നിരോധിക്കണമെന്നത് ശിവസേനയുടെ നിലപാടല്ലെന്ന് സഞ്ജയ് റൗത്ത് വ്യക്തമാക്കിയത്.