പൂനെ: അധോലോക തലവന്‍ കരിംലാലയെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുംബൈയിലെത്തി കണ്ടിരുന്നുവെന്ന് പ്രസ്താവന പിന്‍വലിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. തന്‍റെ ആദ്യകാല പത്രപ്രവർത്തന അനുഭവങ്ങളെ പറ്റി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റാവത്ത് നേരത്തെ ഇന്ദിര കരിംലാല കൂടികാഴ്ച സംബന്ധിച്ച് പരാമര്‍ശിച്ചത്.

ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍, ശരദ് ഷെട്ടി തുടങ്ങിയവരാണ് മുംബൈ മഹാനഗരത്തെയും പ്രാന്തപ്രദേശങ്ങളെയും നിയന്ത്രിച്ചിരുന്നതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ദക്ഷിണ മുംബൈയിലെ പൈഥുണിയിലെ കരിംലാലയുടെ വസതിയിലാണ് ഇന്ദിരാഗാന്ധി സന്ദർശനം നടത്തിയതെന്ന് റാവത്ത് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 

എന്നാല്‍ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി റാവത്ത് രംഗത്ത് എത്തി, കോണ്‍ഗ്രസിലെ എന്‍റെ സുഹൃത്തുക്കളെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ല, ഇത്തരത്തില്‍ വേദനയുണ്ടായെങ്കില്‍ ഞാന്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്ന് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് മിലന്‍റ് ദേവറ അടക്കമുള്ളവര്‍ റാവത്തിന്‍റെ പ്രസ്താവനയ്ക്കെതിരെ ട്വീറ്റ് ചെയ്തിരുന്നു. റാവത്തിനോട് പ്രസ്താവന പിന്‍വലിക്കാന്‍ ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

1960 മുതൽ 1980 വരെ മുംബൈയിലെ മദ്യ ലോബികളെയും കള്ളക്കടത്തുകാരെയും നിയന്ത്രിച്ചിരുന്നത് കരിംലാല ആയിരുന്നു. 2002ലാണ് കരിംലാല മരിച്ചത്.  കുറേ വർഷക്കാലം അധോലോക കുറ്റവാളികളാണ് മുംബൈയിൽ അരങ്ങുവാണിരുന്നതെന്നും എന്നാൽ, ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്നും റാവത്ത് പറഞ്ഞു.

ദാവൂദ് ഇബ്രാഹിം അടക്കമുള്ള അധോലോക കുറ്റവാളികളുടെ ചിത്രങ്ങൾ എടുത്തിട്ടുണ്ട്. ദാവൂദിനെ കണ്ടിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും ഉപദേശിച്ചിട്ടുണ്ടെന്നും റാവത്ത് അവകാശപ്പെടുന്നു.