ചെന്നൈ: കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി രാജഗോപാലിന് ഹൃദയാഘാതം. സാറ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഹൃദയാഘാതമുണ്ടായ രാജഗോപാല്‍ ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്. മികച്ച ചികിത്സയ്ക്കായി ഇയാളെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. 

മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് രാജഗോപാലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ചൊവ്വാഴ്ച ഹൈക്കോടതി അനുമതി നല്‍കിയത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് രാജഗോപാല്‍ കീഴടങ്ങല്‍ നീട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍ സുപ്രീം കോടതി അന്ത്യശാസന നല്‍കിയതോടെ ഏതാനും ദിവസം മുമ്പാണ്  ഇയാള്‍ കീഴടങ്ങിയത്. ആംബുലന്‍സിലെത്തി കീഴടങ്ങിയ രാജഗോപാലിനെ ജയിലിലെത്തിച്ചെങ്കിലും അസുഖം കൂടിയതോടെ സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുര്‍ന്ന് ശനിയാഴ്ചയോടെയാണ് നെഞ്ചുവേദന ഉണ്ടായത്. 

വടപളനിയിലെ വിജയ ആശുപത്രിയിലോ സിംസ് മെഡിക്കല്‍ സെന്‍ററിലോ പിതാവിന് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ടാണ് മകന്‍ ഹര്‍ജി സമര്‍പ്പിച്ചത്. 72-കാരനായ രാജഗോപാലിന് ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ഹര്‍ജിയില്‍ പറയുന്നു.  കടുത്ത പ്രമേഹവും വൃക്കകള്‍ക്ക് തകരാറുമുള്ള രാജഗോപാലിനെ സ്റ്റാന്‍ലി ആശുപത്രിയില്‍ നിന്ന് മാറ്റുന്നത് അപകടമാണെന്ന് ആശുപത്രി ആര്‍ എം ഒ ഡോ. പി രമേഷ് അറിയിച്ചു. 

2001 ലാണ് പി രാജഗോപാലിനെതിരായ കേസുകളുടെ തുടക്കം. ജോത്സ്യന്‍റെ വാക്ക് കേട്ട് തൊഴിലാളിയുടെ മകളെ മൂന്നാം ഭാര്യയാക്കാൻ വേണ്ടി പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ജീവജ്യോതിയെ വിവാഹം കഴിച്ചാൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും എന്ന ജ്യോത്സ്യപ്രവചനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

2004ല്‍ നടത്തിയ കൊലപാതകക്കേസില്‍ 71 വയസുകാരനായ രാജഗോപാല്‍ അടക്കമുള്ള അഞ്ച് പ്രതികള്‍ക്ക് വിചാരണ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഈ വിധി കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി ശരിവച്ചതോടെ രാജഗോപാല്‍  ജയിലില്‍ പോകേണ്ട  അവസ്ഥയായി. ഇതിനെ മറികടക്കാന്‍വേണ്ടിയാണ് രാജഗോപാലിന്‍റെ ആശുപത്രിവാസമെന്നാണ് സൂചന.