ചെന്നൈ: ജീവനക്കാരന്‍റെ മകളെ വിവാഹം കഴിക്കാൻ അവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിൽ ശരവണ ഭവൻ ഉടമ പി രാജഗോപാൽ കോടതിയിൽ കീഴടങ്ങിയത് നാടകീയമായി. ആരോഗ്യ കാരണങ്ങൾ പരിഗണിച്ച് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് സ്ട്രക്ചറിൽ ഓക്സിജൻ മാസ്ക് ധരിച്ച് ശരവണ ഭവൻ ഉടമ കീഴടങ്ങാനെത്തിയത്.

ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് മദ്രാസ് സെയ്ദാപേട്ട് മജിസ്ട്രേറ്റ് കോടതി മുറിയിലെത്തിയ ശരവണ ഭവൻ ഉടമയെ വിദഗ്ധ പരിശോധനയക്ക് ശേഷമാണ് കോടതി പുഴൽ ജയിലിലേക്ക് അയച്ചത്. ജയിലിൽ സഹായിയെ വേണമെന്ന് ആവശ്യപ്പെട്ട് ശരവണ ഭവൻ ഉടമ വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഹര്‍ജി ഇന്ന് കോടതിയിൽ നൽകിയേക്കുമെന്നും സൂചനയുണ്ട്. 

2001-ലാണ് കേസിനാസ്പദമായ സംഭവം. ജ്യോത്സ്യന്‍റെ ഉപദേശം കേട്ട് ഹോട്ടലിലെ ജീവനക്കാരന്‍റെ മകളായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍  രാജഗോപാല്‍ തീരുമാനിച്ചു. എന്നാല്‍ ജീവനക്കാരനും കുടുംബവും മകളെ പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാള്‍ക്ക്  വിവാഹം ചെയ്തു നല്‍കി. ഇതിന് പിന്നാലെ ജീവജ്യോതിയെ വിട്ട് പോകാൻ ശാന്തകുമാറിനെ രാജ​ഗോപാൽ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവിൽ ഭീഷണിക്ക് വഴങ്ങാതിരുന്ന ശാന്തകുമാറിനെ ​ഗുണ്ടകളെ വിട്ട് തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കൊടയ്ക്കനാലിൽവച്ചാണ് ശാന്തകുമാറിനെ രാജ​ഗോപാലും സംഘവും കൊലപ്പെടുത്തിയത്.

കേസിൽ സെഷന്‍ കോടതി പത്ത് കൊല്ലം കഠിനതടവാണ് രാജഗോപാലിന് വിധിച്ചത്. പിന്നീട് 2004-ൽ മദ്രാസ് ഹൈക്കോടതി അത് ജീവപര്യന്തം തടവായി വിധിക്കുകയായിരുന്നു. രാജഗോപാലിന് പുറമേ മറ്റ് അഞ്ചുപേര്‍ക്കെതിരെയും കോടതി ശിക്ഷ വിധിച്ചു. ഇതിനെതിരെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ കേസിൽ രാജഗോപാലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.