തൂത്തുകുടി: വ്യാപാരികളെ ലോക്കപ്പ് മർദ്ദനത്തിലൂടെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിസ്ഥാനത്തായ സാത്താൻകുളം സ്റ്റേഷനിൽ രണ്ടാഴ്ച മുൻപും ഉരുട്ടിക്കൊല നടന്നു. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രനെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ സംസ്‌കരിച്ചു.

ഓട്ടോ മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് മഹേന്ദ്രനെ പൊലീസ് പിടികൂടിയത്. പിന്നീട് സ്റ്റേഷനിൽ വച്ച് കൊടിയ മർദ്ദനത്തിന് ഇരയാക്കിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പ്രായപൂർത്തിയാകാത്ത പ്രതിക്കും ലോക്കപ്പ് മർദ്ദനത്തിന് ഇരയാകേണ്ടി വന്നു.

സാത്താൻകുളം പൊലീസ് സ്റ്റേഷനിൽ സിസിടിവി പ്രവർത്തിക്കുന്നില്ല. രണ്ട് വർഷത്തിലേറെയായി സിസിടിവി പ്രവർത്തിക്കുന്നില്ലെന്ന് അന്വേഷണ സമിതി റിപ്പോർട്ട് ചെയ്തു. ലോക്കപ്പ് മർദ്ദനത്തിനായി സ്റ്റേഷനിൽ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ ഫ്രണ്ട്സ് ഓഫ് പൊലീസ് എന്ന പേരിൽ ഒരു വോളണ്ടിയർ സംഘവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവർക്കും മർദ്ദനത്തിൽ പങ്ക് ഉണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തി. പ്രതികളുടെ  കുടുംബാംഗങ്ങളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി എന്നും റിപ്പോർട്ട് പറയുന്നു.