ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ വിവാദ പ്രസ്താവനയുമായി സംസ്ഥാന ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ. ഗെലോട്ട് തുക്ടെ തുക്ടെ സംഘത്തിന്റെ തലവനാണെന്ന് സതീഷ് പൂനിയ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് തള്ളിയിടുകയാണ് ഗെലോട്ട് ചെയ്യുന്നതെന്നും പൂനിയ കുറ്റപ്പെടുത്തി.

അശോക് ഗെലോട്ട് സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതോടെ തുക്ടെ തുക്ടെ സംഘത്തിന് പ്രോത്സാഹനമായിരിക്കുകയാണ്. സംസ്ഥാനത്തൊട്ടാകെ പ്രക്ഷോഭങ്ങള്‍ പടർന്ന് പിടിക്കുകയാണെന്നും പൂനിയ ആരോപിച്ചു. ഈ പ്രതിഷേധങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടാണ് പണം നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആ സംഘടനയ്ക്ക് സിമിയുമായി ബന്ധമുണ്ടെന്നും പൂനിയ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. 

ഗെലോട്ടിന്റെ പ്രവര്‍ത്തി വളരെ നാണംകെട്ടതാണെന്നും, രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ളതാണെന്നും പൂനിയ ആരോപിച്ചു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍, തനിക്ക് മാതാപിതാക്കളുടെ ജന്മസ്ഥലം അറിയില്ലെന്നും, തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് പോകാന്‍ താന്‍ തയ്യാറാണെന്നും ഗെലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് സതീഷ് പൂനിയയെ പ്രകോപിപ്പിച്ചത്. 

തന്റെ മാതാപിതാക്കളുടെ ജന്മസ്ഥലത്തെ കുറിച്ച്‌ വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്നോടും തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് പോകാന്‍ അവര്‍ ആവശ്യപ്പെടും. എങ്കില്‍ ആദ്യം തടങ്കല്‍ പാളയത്തിലേക്ക് പോകുന്നത് ഞാനായിരിക്കുമെന്നും ഗെലോട്ട് പറഞ്ഞിരുന്നു.