ബ്രിട്ടീഷുകാരോട് സവർക്കർ ക്ഷമ ചോദിച്ചു, ബ്രിട്ടീഷുകാരിൽ നിന്നും സവർക്കർ പെൻഷൻ പറ്റി തുടങ്ങിയ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെയാണ് സവർക്കറുടെ കൊച്ചുമകൻ പരാതി നല്‍കിയത്.

ദില്ലി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സവർക്കറുടെ കൊച്ചുമകൻ പൊലീസിൽ പരാതി നൽകി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ സവർക്കറെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയതിനെതിരെയാണ് പരാതി.

ബ്രിട്ടീഷുകാരോട് സവർക്കർ ക്ഷമ ചോദിച്ചു, ബ്രിട്ടീഷുകാരിൽ നിന്നും സവർക്കർ പെൻഷൻ പറ്റി തുടങ്ങിയ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെയാണ് സവർക്കറുടെ കൊച്ചുമകൻ പരാതി നല്‍കിയത്. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും സമാന പരാമർശം നടത്തിയെന്നും അദ്ദേഹത്തിന് എതിരെയും മാനനഷ്ട കേസ് എടുക്കണമെന്ന് രഞ്ജിത്ത് സവർക്കർ ആവശ്യപ്പെട്ടു.

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം, കെജിഎഫ് 2 സിനിമയിലെ ​ഗാനം അനുമതിയില്ലാതെ ഉപയോ​ഗിച്ചതും തുടർന്ന് കോൺ​ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച കോടതി നടപടിയും നേരത്തെ വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. പകർപ്പ് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയ ബം​ഗളൂരു സിറ്റി സിവിൽ കോടതിയുടെ ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

Also Read: 'തെക്കേ ഇന്ത്യയിൽ മികച്ച പ്രതികരണം', രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം

ഭാരത് ജോ‍ഡോ യാത്രക്കിടെ രാഹുൽ​ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വീഡിയോ രാഹുലിനെ പ്രമോട്ട് ചെയ്യുന്ന രീതിയിൽ കെജിഎഫ് 2 സിനിമയിലെ ​ഗാനത്തിന്റെ പശ്ചാത്തല സം​ഗീതം കൂടി ചേർത്ത് കോൺ​ഗ്രസിന്റെയും ഭാരത് ജോ‍ഡോ യാത്രയുടെയും ട്വിറ്റർ ഹാൻഡിലുകളിലൂടെയും എ ഐ സി സി ജനറൽ സെക്രട്ടറി ജയറാം രമേശ് അടക്കമുള്ളവരുടെ ട്വിറ്ററിലൂടെയും പങ്കുവെക്കപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മ്യൂസിക് കമ്പനി കോടതിയിൽ ഹർജി നൽകിയത്. പിന്നാലെ, തൽക്കാലത്തേക്ക് കോൺഗ്രസ്, ഭാരത് ജോഡോ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ കോടതി ഉത്തരവിറക്കുകയായിരുന്നു. 

അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബർ മൂന്നിന് രാജസ്ഥാനിൽ എത്തും. ആൽവാറിൽ റാലി സംഘടിപ്പിക്കുമെന്നും പാർട്ടി നേതാക്കൾ അറിയിച്ചു. രാജസ്ഥാൻ കോൺ​ഗ്രസ് നേതാവ് ​ഗോവിന്ദ് സിം​ഗ് ദൊത്താസ്ര, വിഭാകർ ശാസ്ത്രി എന്നിവർ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെയാണ് യാത്ര ആൽവാറിലെത്തുക. യാത്രയ്ക്കിടെ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.