ദില്ലി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ യുദ്ധം വേണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാമ്പയിന്‍. യുദ്ധം കൊണ്ട് ആര്‍ക്കും ഒന്നും നേടാനാവില്ലെന്നും അതിന് ഇരു രാജ്യങ്ങളും മുതിരരുതെന്നും ഇന്ത്യയിലും പാക്കിസ്ഥാനിലും ഒരുപോലെയാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

ഇന്ത്യയിലും പാക്കിസ്ഥാനിലും 'സേ നോ ടൂ വാര്‍' എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്. നിരവധി പേരാണ് യുദ്ധം വരുത്തുന്ന നാശങ്ങളെ കുറിച്ചും ഇരുരാജ്യങ്ങളും അത് വിപത്താണെന്നുമുള്ള കുറിപ്പുകളുമായി സാമൂഹ്യ മാധ്യമങ്ങളില്‍ എത്തുന്നത്.

ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തോടെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുന്നത്. അതിനുള്ള തിരിച്ചടിയെന്നോണം 26ന് പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേന നിയന്ത്രണരേഖ കടന്ന് ഭീകരതാവളങ്ങളില്‍ ആക്രമണം നടത്തി.

ഇതിന് മറുപടിയെന്നോണം ഇന്ന് അതിർത്തി ലംഘിച്ച് പറന്നെത്തിയ പാക് വിമാനങ്ങളെ ഇന്ത്യൻ സൈന്യം തുരത്തിയിരുന്നു. അതിൽ ഒരു വിമാനം ഇന്ത്യ വെടിവച്ചിടുകയും അതിർത്തിക്കപ്പുറത്ത് വിമാനം തകർന്ന് വീഴുകയും ചെയ്തു.  

ഇന്ന് പാക്കിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ പ്രതിരോധിച്ചെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ മാധ്യമങ്ങളോട് വിശദീകരിച്ചു. പാക് ആക്രമണ ശ്രമത്തെ പ്രതിരോധിക്കുന്നതിന് ഇടയില്‍ ഒരു വിമാനം ഇന്ത്യക്ക് നഷ്ടമായതും വൈമാനികനെ കാണാതാവുകയും ചെയ്തു. ഇപ്പോള്‍ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്ന് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്‍റെ പിടിയിലായ അഭിനന്ദനെ  മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത്രയും പ്രശ്നങ്ങള്‍ വഷളായതോടെ യുദ്ധസമാനമായ അന്തരീക്ഷം ഇരു രാജ്യങ്ങള്‍ക്കിടയിലും ഉടലെടുത്തിട്ടുണ്ട്. ഇതോടെയാണ് 'സേ നോ ടൂ വാര്‍' എന്ന ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.