എഫ്സിആർഎ ബില്ല് ചർച്ച ചെയ്യുന്ന ജെപിസിക്ക് മുമ്പാകെയാണ് എസ്ബിഐ ഇക്കാര്യം ആവശ്യപ്പെട്ടത്.
ദില്ലി: എഫ്സിആർഎ നിയമ ഭേദഗതിയിൽ വ്യക്തത തേടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സർക്കാർ വിലക്കുന്ന അക്കൗണ്ടുകളിലെ പണം എന്ത് ചെയ്യണമെന്ന് വ്യക്തത വേണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ചല്ല ശ്രീനിവാസലു സെട്ടി ആവശ്യപ്പെട്ടു. ആസ്തികൾ സർക്കാർ നിയോഗിക്കുന്ന അതോറിറ്റി ഏറ്റെടുത്താൽ അക്കൗണ്ടുകൾ മരവിപ്പിക്കണോ എന്നും എസ്ബിഐ ചോദിച്ചു. അക്കൗണ്ടിൽ ബാക്കിയായ പണവും ഫിക്സഡ് ഡെപ്പോസിറ്റുകളും എന്ത് ചെയ്യണം എന്നതിലും വ്യക്തത വേണം. എഫ്സിആർഎ ബില്ല് ചർച്ച ചെയ്യുന്ന ജെപിസിക്ക് മുമ്പാകെയാണ് എസ്ബിഐ ഇക്കാര്യം ആവശ്യപ്പെട്ടത്. ജെപിസി റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തിൽ വ്യക്തമായ മാനദണ്ഡങ്ങൾ തയ്യാറാക്കണമെന്നും എസ്ബിഐ നിർദ്ദേശിച്ചു. ബില്ലിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കാൻ നാലാഴ്ചത്തെ സമയം കൂടി നൽകണമെന്ന് സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളിനോട് ആവശ്യപ്പെട്ടു. ഒക്ടോബർ 12ന് നിശ്ചയിച്ചിരിക്കുന്ന യോഗം മാറ്റിവയ്ക്കണമെന്നും അംഗങ്ങൾ അദ്ധ്യക്ഷന് നൽകിയ കത്തിൽ പറയുന്നു.


